ലണ്ടൻ: ജീവനക്കാരുടെ കടുത്ത ക്ഷാമം ബ്രിട്ടീഷ് എയർവേയ്സിനെ കുഴയ്ക്കുമ്പോൾ വരുന്ന ജൂൺ വരെ ഇനിയും പല വിമാന സർവ്വീസുകളും റദ്ദായേക്കുമെന്ന വാർത്ത പുറത്തുവരുന്നു. ഇന്നലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള് നൂറിലധികം ഹ്രസ്വദൂര വിമാന സർവ്വീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് റദ്ദാക്കിയത്. 18-ഓളം ആഭ്യന്തര സർവ്വീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. അതിൽ എഡിൻബർഗ്, ഗ്ലാസ്ഗോ, ജഴ്സി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള രണ്ട് റൗണ്ട് അപ് ട്രിപ്പുകളും ഉണ്ട്.

മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് സർവ്വീസുകൾ റദ്ദാക്കിയതെന്ന് ബ്രിട്ടീഷ് എയർവേസ് വക്താവ് അറിയിച്ചു. യാത്രക്കാർക്കെല്ലാം ഒന്നു രണ്ട് ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയതായും കമ്പനി അറിയിച്ചു. ഇതിൽ പല സർവ്വീസുകളും ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ റദ്ദാക്കിയതാണെന്നും കമ്പനി പറയുന്നു. വാണിജ്യ താത്പര്യങ്ങൾ മുൻനിർത്തി എത്രപേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നകാര്യം കമ്പനി പുറത്തു വിടില്ലെങ്കിലും ഒരു വിമാനത്തിൽ ശരാശരി 80 പേർ എന്ന കണക്കെടുത്താൽ 9000-ൽ അധികം യാത്രക്കാരാണ് ഇതുമൂലം കഷ്ടത്തിലായത്.

ഏതായാലും വരുന്ന വേനൽ ഒഴിവിലെ യാത്രകൾ മുടങ്ങാതിരിക്കാൻ തങ്ങളുടെ പങ്കാളികളായ ഫിൻഎയറിൽ നിന്നും പൈലറ്റുമാരേയും മറ്റു ജീവനക്കാരെയും കൊണ്ടുവരാൻ ബ്രിട്ടീഷ് എയർവേയ്സ് ശ്രമിക്കുന്നുണ്ട്. ഒരുഭാഗത്ത് ബ്രിട്ടീഷ് എയർവേയ്സ്സർവ്വീസുകൾ റദ്ദാക്കൽ തുടരുമ്പോൾ ബ്രിട്ടനിലെ ഏറ്റവും വലിയ ചെലവു കുറഞ്ഞ വിമാന സർവ്വീസ് ആയ ജെറ്റ് എയറും പ്രതിദിനം 70-ഓളം സർവ്വീസുകൾ റദ്ദാക്കുന്നുണ്ട്. പ്രധാനമായും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ളതും അവിടേക്കുള്ളതുമായ സർവ്വീസുകളാണ് ജെറ്റ് എയർ റദ്ദാക്കുന്നത്.

ഇത്തരത്തിൽ സർവ്വീസുകൾ റദ്ദാക്കപ്പെടുമ്പോൾ അതിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് സീറ്റുകൾ ലഭ്യമാണെങ്കിൽ, അത് മറ്റു കമ്പനികളുടെ വിമാനങ്ങൾ ആണെങ്കിൽ കൂടി സീറ്റ് ലഭിക്കാനുള്ള അവകാശമുണ്ട്. രണ്ടാഴ്‌ച്ചയ്ക്ക് ഉള്ളിലാണ് വിമാനം റദ്ദ് ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുന്നതെങ്കിൽ, റദ്ദാക്കുന്നത് കമ്പനിയുടെ ഉത്തരവാദിത്തത്തിലാണെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി മടക്കി ലഭിക്കുവാനും യാത്രക്കാർക്ക് അവകാശമുണ്ട്.