ലണ്ടൻ: കാലത്തിനു മറുപടി നൽകാൻ ഇപ്പോൾ അധിക കാലം ഒന്നും കാത്തിരിക്കേണ്ട എന്നതിന് ഓരോ ദിവസവും പുതിയ ദൃഷ്ടാന്തങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വർത്തമാനം ബിസിനസ് ലോകത്തു നിന്നുമാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന കാറുകൾ ബ്രിട്ടനിൽ ഹിറ്റായ വർഷമാണ് കടന്നു പോയത്. ഇന്ത്യയിൽ നിന്നുള്ള കാർ ഇറക്കുമതി പുതിയ റെക്കോർഡ് ഇട്ടപ്പോൾ 34000 കാറുകളാണ് കഴിഞ്ഞ വർഷം ബ്രിട്ടനിൽ എത്തിയത്. ഇത് പ്രത്യക്ഷമായി ബ്രിട്ടനിലെ കാർ വ്യവസായത്തെ ചെറിയ തോതിൽ ആണെങ്കിലും ബാധിക്കുകയും ചെയ്തു എന്നത് വ്യവസായ ലോകത്തു വൻ ചർച്ച ആയിരിക്കുകയാണ്.

ലക്ഷക്കണക്കിന് ആളുകൾക്ക് നേരിട്ടും പരോക്ഷമായും ജോലി നൽകുന്ന ബ്രിട്ടീഷ് കാർ നിർമ്മാണത്തിൽ തിരിച്ചടി ഉണ്ടാകാൻ ഇന്ത്യയിൽ നിന്നുള്ള കാർ ഇറക്കുമതിയും കാരണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു എന്നതാണ് ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ വിദേശ വസ്തുക്കളോട് എന്നും ഭ്രമം കാട്ടുന്ന ഇന്ത്യൻ മധ്യവർഗം ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകളോട് മുഖം തിരിച്ച വർഷം കൂടിയാണ് 2017. ഒരു കാലത്തു മെയ്ഡ് ഇൻ ഇംഗ്ലണ്ട് എന്ന് കേട്ടാൽ കോരിത്തരിപ്പ് തോന്നിയിരുന്ന ലോകത്തിന്റെ മനം മാറ്റം എത്രത്തോളം വലുതായി എന്നതിന് ഇതിലും വലിയൊരു ഉദാഹരണം വേറെയുണ്ടാകില്ല.

അതേ സമയം, ഇന്ത്യയിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി വർധന കേൾക്കുമ്പോൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതികേടാണ് പ്രശസ്ത ഓട്ടോമൊബൈൽ ചാനൽ ഷോ അവതാരകൻ ജെറമി ക്ലർക്‌സൺ നേരിടുന്നനത്. കടുത്ത ഇന്ത്യ വിരോധിയായ ഇയാൾ ബിബിസിയിൽ നടത്തിയ ഇന്ത്യ വിരുദ്ധ പരാമർശത്തിന് കനത്ത വിമർശം കേൾക്കേണ്ടി വന്നതിനു ഏറെ വാർത്ത പ്രാധാന്യം ലഭിച്ചിരുന്നു. എന്നാൽ അതിനും മുൻപൊരിക്കൽ, 2011 ദി സൺ പത്രത്തിൽ എഴുതിക്കൊണ്ടിരുന്ന പ്രതിവാര കോളത്തിൽ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തു എത്തുന്ന നിസ്സാൻ കാറുകളെ കുറിച്ച് വളരെ മോശം പരാമർശമാണ് ഇയാൾ നടത്തിയിരുന്നത്.

കാറുകളുടെ ഇന്റീരിയയർ ഫിറ്റിങ് ഗുണനിലവാരം ഇല്ലാത്തതു ആണെന്ന് കണ്ടെത്തിയ ക്ലർക്‌സൺ ഈ കാറുകളൊക്കെ ആര് വാങ്ങും എന്ന് കളിയാക്കാനും മറന്നില്ല. വെറും ആറു വർഷത്തിന് ശേഷം കാലം ക്ലർക്കസണ് മറുപടി നൽകുമ്പോൾ പറഞ്ഞത് വിഴുങ്ങി തലയിൽ മുണ്ടിടേണ്ട ഗതികേടാണ് ഈ ഇന്ത്യ വിരോധിക്കു. തന്നെ പോലുള്ളവർ പറയുന്നതിനൊക്കെ ജനം എന്ത് വില നൽകുന്നു എന്ന് ക്ലർക്കാസനെ പോലുള്ളവർക്ക് തിരിച്ചറിയാൻ ഉള്ള അവസരം കൂടിയാണ് ഇന്ത്യയിൽ നിന്നുള്ള കാർ ഇറക്കുമതി കണക്കുകൾ വെളിപ്പെടുത്തുന്നത്.

ബ്രിട്ടീഷ് ബ്രാൻഡ് ആയ ജാഗ്വർ ഉൾപ്പെടെ ഇന്ത്യൻ സാന്നിധ്യം വർദ്ധിപ്പിക്കുന്ന അവസരത്തിൽ തന്നെയാണ് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ഡിമാൻഡ് കൂടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും കാർ ഇറക്കുമതി വർദ്ധിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ടിനോട് സമ്മിശ്ര പ്രതികരണമാണ് ബ്രിട്ടീഷ് വ്യവസായ ലോകം നടത്തുന്നത്. സ്വദേശി ഭ്രമം സാവധാനം ഇല്ലാതാകുന്നത് കടുത്ത ആശങ്കയോടെയാണ് ബ്രിട്ടീഷ് നിർമ്മാതാക്കൾ വീക്ഷിക്കുന്നത്.

മാത്രമല്ല, ബ്രിട്ടനിൽ നിർമ്മിച്ച കറുകളോട് ഇന്ത്യക്കാർ കടുത്ത തിരിച്ചു വ്യത്യാസം കാണിച്ച നിലയ്ക്ക് ഈ മനം മാറ്റം വെല്ലുവിളി ആയി മാറുകയാണ്. ബ്രിട്ടനിൽ നിന്നും എത്തുന്ന കാറുകളുടെ വിൽപ്പനയിൽ 66 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായതു വെറും 1144 കാറുകൾ മാത്രമാണ് കഴിഞ്ഞ വർഷം ബ്രിട്ടന് ഇന്ത്യയിൽ വിൽക്കാൻ കഴിഞ്ഞത്. സമാന ഗുണനിലവാരം ഉള്ള മറ്റു കാറുകൾ താരതമെന്യേ വിലക്കുറവിൽ ഇന്ത്യയിൽ ലഭിക്കുമ്പോൾ മെയ്ഡ് ഇൻ ഇംഗ്ലണ്ട് എന്ന വിളിപ്പേരിന് ഇന്ത്യൻ മധ്യവർഗം വലിയ പ്രാധാന്യം നൽകുന്നില്ല എന്ന മാറ്റമാണ് ഇതിലൂടെ തെളിയുന്നതും.

ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലൂടെ ബ്രെക്‌സിറ്റ് വഴിയുള്ള വരുമാന ചോർച്ച തടയാം എന്ന ബ്രിട്ടന്റെ ആശയ്ക്ക് ഏൽക്കുന്ന തിരിച്ചടി കൂടിയാണ് കാർ കയറ്റുമതി കണക്കുകൾ. എന്നാൽ മറ്റു ഏഷ്യൻ രാജ്യങ്ങളിൽ ബ്രിട്ടീഷ് കാറുകൾക്ക് പ്രിയം കൂടി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം കാർ നിർമ്മാണത്തിൽ ബ്രിട്ടനിൽ മൂന്നു ശതമാനം ഇടിവുണ്ടായതിൽ ആശങ്കപ്പെടുന്ന് കാർ നിർമ്മാതാക്കൾ ഈ ട്രെൻഡ് നടപ്പു വർഷത്തിലും തുടരുമോ എന്നാണു വീക്ഷിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ സംഭവിക്കുന്ന ആദ്യ നിർമ്മാണ ഇടിവിനാണ് ബ്രിട്ടൻ സാക്ഷിയാകുന്നത്.

ആഭ്യന്തര വിൽപ്പനയിൽ ഉള്ള ഇടിവ് തന്നെയാണ് പ്രധാന കാരണം. ഡീസൽ കാറുകൾ നിരോധിക്കപ്പെടുമോ എന്ന ഭയവും വിൽപ്പന ഇടിവിനു കാരണമായിട്ടുണ്ട്. കൂടാതെ 2040 ഓടെ നിലവിലെ കാറുകൾ റോഡിൽ നിന്നും അപ്രത്യക്ഷമായി ഇലക്ട്രിക് കാറുകൾ മാത്രമാകും എന്ന റിപ്പോർട്ടുകളും പുത്തൻ കാർ വാങ്ങുന്നതിൽ നിന്നും ആളുകളെ മടുപ്പിക്കാൻ കരണമാകുകയാണ്.