കാമുകിയുമായുള്ള ലിവിംങ്ങ് ടുഗദറിനിടിയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഗർഭം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരന്ന് നിൽക്കയാണ് മകൻ. അപ്പോഴാണ് മധ്യവയസ് പിന്നിട്ട അപ്പൻ പറയുന്നത്, ഈ വയസ്സാംകാലത്ത് അവന്റെ അമ്മ ഗർഭിണിയാണെന്ന്! ശരിക്കും ചിരിച്ചുപോവുകയും അതിലേറെ ചിന്തിച്ചുപോവുകയും ചെയ്യുന്ന ഒരു കിടിലൻ സബ്ജക്റ്റാണ്, നമ്മുടെ പ്രിയപ്പെട്ട മോഹൻലാലിനെ നായകനാക്കി, പൃഥ്വീരാജ് സുകുമാരൻ സംവിധാനം ചെത്ത ബ്രോ ഡാഡിയെന്ന ചിത്രത്തിന്റെത്. ഡിസ്നി ഹോട്ട് സ്റ്റാറിൽ ഒ.ടി.ടിയായി റിലീസ് ചെയ്ത ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല. ശരിക്കും ഒരു ഫീൽ ഗുഡ് മൂവി തന്നെ.

ഈ ചിത്രം സംബന്ധിച്ച പ്രചാരണം കൊഴുക്കവേ തന്നെ പൃഥീരാജ് പറഞ്ഞിരുന്നു, 200 കോടി ക്ലബിലെത്തി, മലയാളത്തിലെ എക്കാലത്തെയും പണം വാരി പടങ്ങളിൽ ഒന്നായ ലൂസിഫറുമായി താരതമ്യപ്പെടുത്തരുതെന്ന്. ഇത് കുറഞ്ഞ ബജറ്റിൽ, കോവിഡ് കാലത്തിന്റെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഉണ്ടാക്കിയ ഒരു ചിത്രമാണ്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും, വ്യത്യസ്തമായ സബ്ജക്റ്റുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പടം അനൗൺസ് ചെയ്തപ്പോൾ കരുതിയത് ഒരു ടിപ്പിക്കൽ അച്ചായൻ അപ്പനും മകനും തമ്മിലുള്ള സ്നേഹവും കശപിശയുംെ വെള്ളമടിയുമൊക്കെ ആയിരിക്കും ചിത്രത്തിന്റെ പ്രമേയം എന്നാണ്. പക്ഷേ അതൊന്നുമല്ല പടം. അഭിനന്ദനം അർഹിക്കുന്നത് ഒരു വ്യത്യസ്തമായ പ്ലോട്ട് പ്ലേസ് കൊണ്ടുവന്ന, കഥയും തിരക്കഥയും എഴുതിയ എൻ ശ്രീജിത്ത്. ബിപിന്മാളിയേക്കൽ എന്നിവർക്കാണ്. മുമ്പ് പലതവണ പറഞ്ഞപോലെ കഥാരാഹിത്യമാണ് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ചമ്മിയ ചിരിയും, ഊർജസ്വലമായ കൗണ്ടറുകളും, വികാരംതുളുമ്പുന്ന പ്രണയ രംഗങ്ങളുമൊക്കെയായി, മലയാളികൾ കൊതിക്കുന്ന ആ വിന്റേജ് മോഹൻലാലിലെ പുനസൃഷ്ടിക്കാനുള്ള ശ്രമം ഈ ചിത്രത്തിലൂടെ പൃഥീരാജ് നടത്തിയിട്ടുണ്ട്. ഒരു പരിധിവരെ അദ്ദേഹം അതിൽ വിജയിച്ചിട്ടുമുണ്ട്. മരക്കാർ സൃഷ്ടിച്ച ഷോക്കിൽനിന്ന് ഇനിയും കരകയറിത്തുടങ്ങിയിട്ടില്ലാത്ത ലാൽ ആരാധകർക്ക് ശരിക്കും ഇഷ്ടപ്പെടുന്നതാണ് ഈ പടത്തിലെ നായകൻ ജോൺ കാറ്റാടിയുടെ മാനറിസങ്ങൾ.

പക്ഷേ ഉപരിവിപ്ലവമായ ഒരു കോമഡിക്കഥയായിപ്പോയി എന്നതാണ് ബ്രോ ഡാഡിയുടെ പരിമതിയും. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈയിടെ ഇറങ്ങിയ 'ഹോം' പോലെ ഒരു അസാധാരണമായ ഇമോഷണൽ ഫാമിലി ഡ്രാമയാക്കി ഈ ചിത്രത്തെ മാറ്റിയെടുക്കാൻ കഴിയുമായിരുന്നു.

ഒരു ഡബിൾ ഗർഭക്കഥ

ഹ്യൂമർ ഓറിഡൻഡഡ് ഫാമിലി സബ്ജക്റ്റാണ് ഈ ചിത്രം. ഒരു സ്റ്റീൽ കമ്പനിയുടെ ഉടമയും , 24ാം വയസ്സിൽ ഒരു കുഞ്ഞിന്റെ അപ്പാനാവുകയും ചെയ്ത കാറ്റാടി ജോണിന്റെ (മോഹൻലാൽ) കുടുംബ കഥയാണിത്. ജോണിന്റെയും ഭാര്യ അന്ന (മീന)യുടെയും ഏക മകനാണ് ഈശോ ജോൺ കാറ്റാടി (പൃഥ്വിരാജ്). അച്ഛൻ ബിസിനസ്സുകാരനാണെങ്കിൽ മകൻ ക്രീയേറ്റീവ് മേഖലയിലാണ്. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലെ, നിരവധി അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭാധനനായ ഡിസൈനറാണ് ഈശോ. ജോൺ വളരെ നേരത്തെ വിവാഹിതനായതിനാൽ തന്നെ അപ്പനെയും മകനെയും കണ്ടാൽ ചേട്ടനും അനിയനുമാണെന്നാണ് ആരും പറയുക.

ജോണിനോടൊപ്പം പഠിച്ച ഉറ്റസുഹൃത്തുകളാണ് കുര്യനും (ലാലു അലക്‌സ്) ശിശുരോഗ വിദഗ്ധനായ ഡോ.സാമുവലും (ജഗദീഷും). നാട്ടിൽ തന്നെ ഒരു പരസ്യ കമ്പനി നടത്തുകയാണ് കുര്യൻ. കുര്യനും ഭാര്യ എൽസി (കനിഹ)യും ജോണിന്റെ കുടുംബമായും വളരെ നല്ല ബന്ധം പുലർത്തുന്നവരാണ്. ഇവരുടെ ഏക മകളാണ് അന്ന (കല്യാണി പ്രിയദർശൻ). ഈ യുവതിയും ബാംഗ്ലൂരിലാണ് ജോലിചെയ്യുന്നത്. പക്ഷേ ഈശോയുടെയും, അന്നയുടെയും കൈയിൽ നമ്പർ പോലുമില്ല എന്നാണ് അവർ കുടുംബാംഗങ്ങളെ ധരിപ്പിക്കുന്നത്. ഇടക്ക് ഇവരുടെ വിവാഹം വീട്ടുകാർ ആലോചിക്കുമ്പോൾ രണ്ടുപേരും ഒരുപോലെ ഉടക്കിടുകയും ചെയ്യുന്നു.

ഇത് കേരളത്തിലെ കാര്യം. പക്ഷേ ബാംഗ്ലൂരിൽ ഇരുവരും കഴിഞ്ഞ നാലുവർഷമായി ലിവിങ്ങ് ടു ഗദറിലാണ്. ശരിക്കും ഭാര്യാഭർത്താക്കന്മാരെപ്പോലെ അവർ ജീവിതം ആഘോഷിക്കയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് തീർത്തും അവിചാരിതമായ അന്ന ഗർഭിണിയാണെന്ന കാര്യം അവർ അറിയുന്നത്. അതോടെ എന്തുചെയ്യണം എന്ന് അറിയാതെ കണ്ണിൽ ഇരുട്ടുകയറി നിൽക്കുന്ന സമയത്താണ്, ഈശോയെ അടിയന്തരമായി കാണണം എന്ന് പറഞ്ഞ് അപ്പൻ നാട്ടിലേക്ക് വരുത്തിക്കുന്നത്. തന്റെ കഥയെങ്ങാനും അപ്പന്റെ കൈയിൽ എത്തിയോ എന്ന ഭീതിയോടെ നാട്ടിലെത്തുന്ന ഈശോയോട് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്തയാണ് പിതാവ് പറയുന്നത്. ഈശോക്ക് ഒരു അനിയൻ കൂടി ഉണ്ടാവുന്നു. ഈ മധ്യവയസ്സിന്റെ എൻഡിങ്ങിൽ ജോണിന്റെ ഭാര്യ അന്ന വീണ്ടും ഗർഭിണിയാണ്!

ഇടിവെട്ടേറ്റവന്റെ മേൽ പാമ്പുകടിച്ച അവസ്ഥയിലായി ഈശോ. തുടർന്നങ്ങോട്ട് രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്.

നശിപ്പിച്ചത് മികച്ച ചിത്രമാക്കാനുള്ള സാധ്യതകൾ

പക്ഷേ ഒരു ഫാമിലി ഓറിയൻഡഡ് കോമഡി മൂവി എന്നതിനപ്പുറം ഒന്നാന്തരം ഒരു ചലച്ചിത്രമാക്കാനുള്ള വകുപ്പുകൾ പൃഥ്വീരാജ് ഉപയോഗിച്ചില്ല. അടുത്ത സുഹൃത്തുക്കൾ കൂടിയായ ആ അപ്പൻ മകൻ ബന്ധം കുറേക്കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു. എങ്കിൽ തുടർന്നുള്ള രംഗങ്ങളുടെ ഇമോഷണൽ വാല്യൂ കൂടുമായിരുന്നു.

അടുത്തകാലത്തായി ഇറങ്ങിയ ഹോം എന്ന ഇന്ദ്രൻസ് നായകനായ ചിത്രം പറയുന്നതുപോലെ, എത്രകണ്ട് സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞാലും തലമുറകളുടെ മാറ്റം ജോണിലും ഈശോയിലും ഉണ്ട്. അപ്പന്റെ കാലത്തെ യാഥാസ്ഥിതിക ജീവിതമല്ല ഈശോയും കാമുകി അന്നയും പിന്തുടരുന്നത്. ഇരുവരുടെയും മൂല്യബോധങ്ങളും സദാചാര സങ്കൽപ്പങ്ങളും വേറെയാണ്. ഈ കോൺഫ്ളിക്റ്റുകളെയൊക്കെ കൃത്യമായി വികസിപ്പിച്ച് എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അസാധാരണമായ ഒരു ചലച്ചിത്ര അനുഭവം ആവുമായിരുന്നു ബ്രോ ഡാഡി.

അതുപോലെ ഒന്നാം പകുതിയിൽ ചടുലമായി നീങ്ങിയ സിനിമക്ക് രണ്ടാം പകുതിയിൽ വേഗം കുറയുന്നു. സൗബിൻ ഷാഹിറിന്റെ ഇവന്റ് മനേജ്മെന്റി കമ്പനി നടത്തിപ്പുകാരന്റെ കഥാപാത്രമൊക്കെ പലപ്പോഴും ചീപ്പ് കോമാളിക്കളിയാവുന്നു. ബ്രോ ഡാഡിയിൽ മൂഴച്ചു നിൽക്കുന്ന ഒരേ ഒരു കഥാപാത്രവും ഇതുതന്നെയാണ്.

ഇപ്പോൾ ബ്രോ ഡാഡിക്ക് പറ്റിയ ഏറ്റവും വലിയ കുഴപ്പം അതൊരു അപ്പർ-മിഡിൽക്ലാസിന്റെ മൂല്യബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു സാദാ ചിത്രം ആയിപ്പോയി എന്നതാണ്. പ്രഗ്നൻസിയെന്നത് എന്തോ ദിവ്യമായ കാര്യമാണെന്ന ഭാരതീയ വിഡ്ഡിത്തം ഈ ചിത്രവും പറയാതെ പറഞ്ഞുപോകുന്നുണ്ട്. ആക്സിഡന്റൽ പ്രഗ്നൻസിപോലും ഒഴിവാക്കേണ്ടതല്ല എന്ന ധാരണ ഇവിടെ പ്രകടമാണ്. പക്ഷേ ചിത്രത്തിന്റെ ക്ലൈമാക്സിൽ മലയാളിയുടെ മാറുന്ന അല്ലെങ്കിൽ മാറ്റേണ്ട വീക്ഷണങ്ങളുടെ സൂചകങ്ങളുമുണ്ട്. അതായത് ഇതേ കഥാപരിസരം വെച്ചുകൊണ്ടുതന്നെ നർമ്മത്തിൽ ചാലിച്ച ഒരു ക്ലാസ് ചിത്രം എടുക്കാമായിരുന്നു. അതിനുള്ള സാധ്യതകളാണ് സംവിധായകൻ നശിപ്പിച്ചത്.

കണ്ണുനിറച്ച് ലാലു അലക്ക്സ്

മോഹൻലാലിനെയം പൃഥിയെയും പോലുള്ള അസാധ്യ നടന്മാർ ഉണ്ടെങ്കിലും ഈ ചിത്രത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് പറയുന്നത് ശരിക്കും ലാലു അലക്സ് ആണ്. 'പേഴ്സണലായിട്ട് പറയുകയാ' എന്ന് മിമിക്രിക്കാർ അനുകരിക്കുന്ന ടൈപ്പിലുള്ള സ്ഥിരം അച്ഛൻ വേഷമാണെങ്കിലും, കഥാന്ത്യത്തിൽ എത്തുമ്പോഴൊക്കെ ലാലു നിങ്ങളുടെ കണ്ണ് നിറയിക്കും. പൃഥിരാജും മുഴുനീള വേഷത്തിൽ എത്തുന്നുണ്ടെങ്കിലും, കോമഡി രംഗങ്ങളിൽ ഈ നടന്റെ വഴക്കക്കുറവ് പ്രകടമാണ്. ( ഇന്ത്യൻ റുപ്പിയെന്ന പഴയ ചിത്രം തൊട്ട് പൃഥിയുടെ കരിയറിൽ മൊത്തം ഈ പ്രശ്നമുണ്ട്) അവിടെയാണ് ലാൽ എന്ന നടന്റെ മിടുക്കും. ഹ്യമറും കുസൃതിയും ഒപ്പിക്കുമ്പോൾ മലയാളികളുടെ നൊസ്റ്റാൾജിയായ ആ 'മോഹന ലാലത്തത്തിന്റെ' ബഹിസ്പുരണങ്ങൾ താടി മറയ്ക്കുന്ന ആ മുഖത്ത് പ്രകടമാണ്.

തൊട്ടുമുമ്പ് ഇറങ്ങിയ ചിത്രമായ പ്രണവ് മോഹൻലാലിന്റെ നായികയനായ 'ഹൃദയ'ത്തിൽനിന്ന് ഇറങ്ങി വന്നപോലെയാണ് കല്യാണി പ്രിയദർശന്റെ പ്രകടനം. പൃഥിയുമൊത്തുള്ള കോമ്പോ സീനുകൾ നന്നായിട്ടുണ്ട്. അതുപോലെ ലാൽ- മീന ജോഡികളും. ദൃശ്യം 2വിലെ അടക്കം ഓവർ മേക്കപ്പിന്റെ പേരിൽ ഒരുപാട് പറയിപ്പിച്ച നടിയാണ് മീന. ഒരു നാട്ടിൻപുറത്തെ വീട്ടമ്മയായാൽപ്പോലും മീനക്ക് ഈ രീതിയിൽ മേക്കപ്പ് ഇടണമെന്നും ഇല്ലെങ്കിൽ ഒരു കോൺഫിഡൻസും ഉണ്ടാവില്ലെന്നുമാണ് സംവിധായകൻ ജീത്തുജോസഫ് ഇതിന് കാരണം പറഞ്ഞിരുന്നത്. പക്ഷേ ഈ പടത്തിൽ മീനക്ക് ഇഷ്ടപോലെ മേക്കപ്പിടാം. കാരണം ആ കഥാപാത്രം അങ്ങനെയാണ്. ഒരു അപ്പർ മഡിൽ ക്ലാസിലെ അച്ചായത്തി അമ്മയുടെ വേഷം മീന ഭംഗിയാക്കുന്നുണ്ട്.

എന്നാൽ ലാലു അലക്സിന്റെ ഭാര്യയായി എത്തിയ കനിഹ അത്രക്ക് നന്നായി എന്ന പറയാൻ കഴിയില്ല. മല്ലികാ സുകുമാരൻ, ജഗദീഷ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും തങ്ങളുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ദീപക് ദേവാണ് 'ബ്രോ ഡാഡി'യുടെ സംഗീത സംവിധാനം. മോഹൻലാലും പൃഥ്വിരാജും ചേർന്ന് പാടിയ ഗാനം സിനിമയുടെ ടൈറ്റിൽ ഗാനവും എം.ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്ന് പാടിയ മറ്റൊരു ഗാനവും മനോഹരമാണ്.അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും പതിവുപോലെ ഗംഭീരം.

നടൻ എന്ന നിലയിൽ ഏറെ തിരക്കുകൾ ഉള്ള പൃഥീരാജ് തന്നെ ഈ ചിത്രം സംവിധാനം ചെയ്യാനുള്ള സർഗാത്മ കാരണം മാത്രം പിടികിട്ടുന്നില്ല. സത്യൻ അന്തിക്കാട് തൊട്ട് വിനീത് ശ്രീനിവാസൻ വരെയുള്ള ഫീൽ ഗുഡ് മൂവി സ്പെഷ്യലിസ്റ്റുകൾക്ക് ആർക്കും ചെയ്യാവുന്ന ഒരു സിനിമയാണ് ഇത്. ഒരു ഡയറക്ടർ എന്ന നിലയിൽ പൃഥിയുടെ കൈയൊപ്പൊന്നും ബ്രോ ഡാഡിയിൽ കാണാനില്ല. ലൂസിഫറിനുശേഷം പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നത് ഒരു വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. പക്ഷേ പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ പോകുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിത്.

വാൽക്കഷ്ണം: നല്ലൊരു നിർമ്മാതാവും, തന്റെ സിനിമകളെ ഒന്നാന്തരമായി മാർക്കറ്റ് ചെയ്യാൻ അറിയുന്ന ഒരു കച്ചവടക്കാരനുമാണ് ആന്റണി പെരുമ്പാവൂർ. പക്ഷേ അദ്ദേഹം എന്തിനാണ് അഭിനയിക്കാൻ പോകുന്നത് എന്ന് മനസ്സിലാവുന്നില്ല. ഈയിടെ ആന്റണിക്ക് 'അമ്മ'യിൽ അംഗത്വം കിട്ടിയതായും വായിച്ചിരുന്നു. ഈ ചിത്രത്തിലുമുണ്ട് ഒരു ചെറിയ പൊലീസ് വേഷം. നിങ്ങളുടെ കാശ് നിങ്ങളുടെ പടം, പക്ഷേ കാണുന്നത് നാട്ടുകാർ അല്ലേ ചേട്ടാ!