ബീജിങ്: ചെറിയൊരു സംഭവം പോലും പെരുപ്പിച്ച് കാണിച്ച് നരേന്ദ്രമോദി ഇന്ത്യയിലെ മുസ്ലീങ്ങളെ വംശഹത്യ ചെയ്യുന്നു എന്ന് ആരോപണം ഉയർത്തുന്നവർക്ക് പക്ഷെ ചൈനയിലെ ഉയിഗൂർ മുസ്ലീങ്ങൾ അനുഭവിക്കുന്ന കൊടും ക്രൂരതകളെ കുറിച്ച് ആവലാതിയില്ല. ബാക്ക് പാക്കിൽ ഒളിപ്പിച്ചുവെച്ച ക്യാമറയുമായി ചൈനീസ് നഗരമായ ഉറുംക്കിയിലൂടെ യാത്ര നടത്തിയ ആ ചെറുപ്പക്കാരൻ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. സാധാരണ വിനോദ സഞ്ചാരികൾ സന്ദർശിക്കാത്ത പ്രദേശങ്ങളിലൂടെയായിരുന്നു ആ യാത്ര. ചൈനയിൽ കമ്മ്യുണിസ്റ്റ് സർക്കാർ നടത്തുന്ന പുനരധിവാസ ക്യാമ്പുകളെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ക്രൂരതകൾ ലോകത്തിനു മുന്നിൽ എത്തിക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം.

സിഞ്ഞിയാംഗ് പ്രവിശ്യയിലെ ന്യുനപക്ഷ വിഭാഗമായ ഉയിഗൂർ മുസ്ലീങ്ങളാണ് ഇവിടെ പ്രധാനമായും ഭരണകൂടത്തിന്റെ ഭീകരതയ്ക്ക് ഇരയാവുന്നത്. ഇത്തരത്തിലുള്ള തെളിവുകൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിൽ ചൈനീസ് പൊലീസ് പിടികൂടിയാൽശിക്ഷ ഭീകരമായിരിക്കുമെന്ന് അയാൾക്കറിയാം. എന്നിരുന്നാലും ഒരു ഭരണകൂടം നടത്തുന്ന വംശഹത്യ പുറത്തുകൊണ്ടുവരിക എന്നത് അയാളുടെ ഉറച്ച തീരുമാനമായിരുന്നു. ഏകദേശം ഇരുപത് ലക്ഷത്തോളം പേരാണ് ഇത്തരത്തിലുള്ള ക്യാമ്പുകളിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്.

ഏകദേശം രണ്ടു വർഷം മുൻപും ഗുവാൻ എന്ന ഈ ചെറുപ്പക്കാരൻ ഈ പ്രദേശം സന്ദർശിച്ചിരുന്നു. അന്ന് സ്‌കൂളുകളിൽ ഉയിഗൂർ ഭാഷ പഠിപ്പിക്കുന്നത് നിരോധിക്കുന്നതും, ഉയിഗൂർ മുസ്ലീങ്ങളെ അടിമവേലയ്ക്ക് നിയമിക്കുന്നതും ഉൾപ്പടെയുള്ള ക്രൂരതകളെ പറ്റി അയാൾ കേട്ടിരുന്നു. എന്നാൽ വിദേശ പത്രപ്രവർത്തകരെ ഇതിനെ കുറിച്ചുള്ള അന്വേഷണം നടത്തുന്നതിൽ നിന്നും വിലക്കപ്പെട്ടിരിക്കുന്നതിനാൽ ഒളിക്യാമറയുടെ സഹായത്തോടെ തെളിവ് ശേഖരിക്കാനായിരുന്നു ഗുവാൻ തീരുമാനിച്ചത്.

എട്ടു നഗരങ്ങളാണ് ഗുവാൻ തന്റെ സൗത്യത്തിന്റെ ഭാഗമായി സന്ദർശിച്ചത്. അതിൽ 18-ഓളം പുനരധിവാസ ക്യാമ്പുകളാണ് അയാൾ കണ്ടെത്തിയത്. അതിൽ ഒരെണ്ണം 1000 യാർഡ് നീളത്തിലുള്ള വലിയൊരു ക്യാമ്പായിരുന്നു. തൊഴിലിലൂടെ പുനരുത്ഥാരണം നേടുക എന്ന മുദ്രവാക്യമായിരുന്നു അതിനു മുൻപിൽ എഴുതിവച്ചിരുന്നത്. ഇതിൽ പല ക്യാമ്പുകളും മാപ്പിൽ കാണാവുന്നതല്ല. എന്നിരുന്നാലും അതിനു ചുറ്റുമുള്ള മുൾവേലികളും പൊലീസ് ചെക്ക് പോസ്റ്റുകളും സൈനിക ബാരക്കുകളും, സൈനിക വാഹനങ്ങളുമൊക്കെ അയാൾ ഒളിക്യാമറയിൽ പകർത്തി.

യൂട്യുബിൽ പൊസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഇപ്പോൾ ഗുവാൻ താൻ കണ്ടെത്തിയ കാര്യങ്ങളെല്ലാം തന്നെവെളിപ്പെടുത്തിയിരിക്കുന്നത്. അതും, ചിത്രങ്ങൾ സഹിതം. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി അധിവാസ കേന്ദ്രമായി മാറിയിരിക്കുകയാണ് സിൻജിയാംഗ് പ്രവിശ്യ ഇപ്പോൾ. അതിൽ അധികവും നിർബന്ധിത വേലയാണെന്ന് മാത്രം. മെഗാ ജെയിലുകളും, ഡിറ്റൻഷൻ സെന്ററുകളും കോൺസെൻട്രേഷൻ ക്യാമ്പുകളും അടങ്ങുന്ന ഒരു വലിയ നെറ്റ് വർക്ക് തന്നെ ഇവിടെയുണ്ട്. എന്ന് ചൈനീസ് വിമതനായ ലിയൻഷാവോ ഹാൻ പറയുന്നു. ഇതുതന്നെ ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതക്ക് ഉത്തമോദാഹരണമാണെന്നും ഇയാൾ പറയുന്നു.

ഈ ഗുവാൻ എന്നു പറയുന്നത് തായ്വാനിൽ പഠിക്കുന്ന ഒരു ചൈനീസ് വിദ്യാർത്ഥിയുടെ തൂലികാ നാമമാണെന്നാണ് ചിലർ പറയുന്നത്. ഇതുവരെ ഇത്തരം ക്യാമ്പുകളുടേതായി വെബ്സൈറ്റുകളിൽ വന്ന ചിത്രങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ മാത്രമായിരുന്നു. അതിൽ പ്രത്യേകംഅടയാളപ്പെടുത്തിയ ചില കെട്ടിടങ്ങളാണ് ഇത്തരത്തിലുള്ള ക്യാമ്പുകൾ. നിരത്തിൽ മുഴുവൻ നിരീക്ഷണ കാമറകളാണ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംഖിയിൽ ഉള്ളത്. നിരവധി കോൺസൻട്രേഷൻ ക്യാമ്പുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

മുൾവേലി ചുരുളുകളും കൂറ്റൻ മതിലുകളും സംരക്ഷിക്കുന്ന ഇത്തരം നിരവധി ക്യാമ്പുകളുടെ വീഡിയോ ദൃശ്യങ്ങൾ യുവാൻ തന്റെ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. കാറിൽ സഞ്ചരിച്ച് വിൻഡ് സ്‌ക്രീനിലൂടെയാണ് ഇവയിൽ ഏറെയുമിയാൾ ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ പാർപ്പിച്ചിരിക്കുന്നവർക്ക് ഈ മതിലുകൾക്ക് പുറത്തേക്കിറങ്ങാൻ അനുവാദമില്ല.ഒഴിഞ്ഞ ഒരു പറമ്പിലൂടെ മുട്ടിലിഴഞ്ഞു പോയി മറ്റൊരു വലിയ ക്യാമ്പിന്റെ ദൃശ്യങ്ങൾ പകർത്തിയ കാര്യവും ഇയാൾ പറയുന്നുണ്ട്.

അടുത്തകാലത്ത് പണിതീർത്തതാണ് ഈ പുതിയ ക്യാമ്പ്. ഏകദേശം പതിനായിരത്തൊളം നിർഭാഗ്യവാന്മാരെയാണ് ഇവിടെ തടവിലാക്കിയിരിക്കുന്നത്. ഇവയിൽ മിക്ക ക്യാമ്പുകളും ഏകദേശം ഒരു വർഷത്തിനുള്ളിൽ പണിതീർത്തതാണ്. ംസ്ലീം ന്യുനപക്ഷങ്ങളുടെ സംസ്‌കാരവും പൈതൃകവും തകർക്കുക എന്നതാണ് ഇതിലൂടെ ചൈനീസ് സർക്കാർ ലക്ഷ്യമിടുന്നത്. ബെയ്ജിങ് തുടർച്ചയായി ഈ ആരോപണം നിഷേധിക്കുമ്പോഴും ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട് വിദേശങ്ങളിൽ എത്തിയവരുൾപ്പടെയുള്ളവർ നിരവധി തെളിവുകൾ ഈ ആരോപണത്തെ പിന്തുണയ്ക്കാനായി നിരത്തുന്നുണ്ട്.

മാതാപിതാക്കളെ നിർബന്ധിത വേലയ്ക്കായി തടവിലാക്കുമ്പോൾ അവരുടെ കുട്ടികളെ സർക്കാർ ഉടമസ്ഥതയിലുള്ള അനഥാലയങ്ങളിലേക്ക് അയക്കുകയാണ്. പുനർവിദ്യാഭ്യാസ കേന്ദ്രമെന്ന പേരിൽ അറിയപ്പെടുന്ന ക്യാമ്പുകളിൽ എത്തപ്പെടുന്ന മാതാപിതാക്കൾ അനുഭവിക്കേണ്ടി വരിക കൊടിയ പീഡനമാണ്. ഇവിടെ നിന്നും രക്ഷപ്പെട്ടവർ പറയുന്ന കഥകൾ നിരവധി ലോക മാധ്യമങ്ങളിൽ ഇതിനു മുൻപും പ്രസിദ്ധീകരിച്ചിരുന്നതാണ്.

പിടിക്കപ്പെട്ടാൽ പിന്നെ ഒരിക്കൽ പോലുംപുറം ലോകം കാണാൻ കഴിയാത്ത കുറ്റമാണ് യുവാൻ ചെയ്തിരിക്കുന്നത്. ഏതായാലും സ്വന്തം ജീവൻ പണയപ്പെടുത്തി ചൈനീസ് സർക്കാരിന്റെ ക്രൂരതകൾ ലോകത്തിനു മുന്നിൽ എത്തിക്കാൻ ധൈര്യം കാണിച്ച യുവാനെ ലോകമൊറ്റക്കെട്ടായി അഭിനന്ദിക്കുകയാണ്.