ന്യൂഡൽഹി: ബംഗാളിൽ ഭരണം മമതയ്ക്കാണ്. അവിടെ പൊലീസ് സംസ്ഥാന സർക്കാരിനൊപ്പവും. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികൾക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐഎഎസുകാർ പോലും കേന്ദ്രം പറയുന്നത് കേൾക്കുന്നില്ല. ഈ സാഹചര്യത്തിൽ ബംഗാളിൽ പിടിമുറുക്കുക എന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ താൽപ്പര്യമാണ്. പഞ്ചാബിലും ബിജെപിക്ക് വേരുകളില്ല. ഇവിടേയും പിടിമുറുക്കണം കേന്ദ്രത്തിന്. ഇതിന് വേണ്ടിയാണോ ബി എസ് എഫിന് കൂടുതൽ അധികാരം നൽകുന്നത്. ഈ സംശയത്തിലാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

2014ൽ അതിർത്തി സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ മേഖലയിലും കള്ളക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ബിഎസ്എഫിന് 15 കിലോമീറ്റർ ചുറ്റളവിൽ ചില പ്രത്യേക അധികാരം നൽകിയുരുന്നു. ഇത് 50 കിലോമീറ്ററായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയത്. അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആയുധക്കടത്തും കള്ളക്കടത്തുമടക്കം വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നും വിശദീകരിക്കുന്നു.

ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ രംഗത്ത് എത്തിയത് ഈ സംശയം കാരണമാണ്. പശ്ചിമ ബംഗാൾ, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15ൽ നിന്ന് 50 കിലോമീറ്ററായി വർധിപ്പിച്ചത്. അർധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയർത്തുന്നത് സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു.

ഗുജറാത്തിൽ അതിർത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന അധകാര പരിധി 50 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാനിൽ അധികാരപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. മേഘാലയ, നാഗാലൻഡ്, മിസോറാം, ത്രിപുര, മണിപ്പുർ സംസ്ഥാനങ്ങളിലാകട്ടെ കൃത്യമായ പരിധി നിശ്ചയിച്ചിട്ടുമില്ല. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നു. ഗുജറാത്തിലും മയക്കുമരുന്ന് കടത്ത് സജീവമാണ് ഇപ്പോൾ.

പുതിയ തീരുമാനത്തോടെ ഫലത്തിൽ ബംഗാളിലേയും പഞ്ചാബിലേയും അതിർത്തിയിലെ നിയന്ത്രണം ബി എസ് എഫിനാകും. അധികാരപരിധി ഉയർത്തിയതോടെ ഈ മേഖലയിൽ പരിശോധന നടത്താനും നിരോധിത വസ്തുക്കൾ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് അധികാരം ഉണ്ടായിരിക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരേയുള്ള കടന്നുകയറ്റമെന്നാണ് പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇടപെടലാണെന്നും വിമർശനം ഉയർന്നു.

അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററായി ഉയർത്തിയ കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണ്. യുക്തിരഹിതമായ നടപടി ഉടൻ പിൻവലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെടുന്നവെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജിയും ഇതേ നിലപാടിലാണ്. അതിർത്തി പ്രദേശങ്ങളിൽ പിടിമുറുക്കി രാഷ്ട്രീയം വളർത്താനുള്ള സംഘപരിവാർ ശ്രമമാണ് ഇതിന് പിന്നിലെന്നും ആറോപിക്കുന്നു.

കേന്ദ്രസർക്കാർ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുകയാണെന്ന് ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ഫർഹാദ് ഹക്കിം പറഞ്ഞു. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്. പക്ഷേ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അതിൽ ഇടപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.