ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ശക്തമെന്ന് അതിർത്തി രക്ഷാ സേന(ബിഎസ്എഫ്). അതിർത്തിയോടു ചേർന്ന് പാക്കിസ്ഥാൻ സ്ഥാപിച്ചിരിക്കുന്ന ഓരോ ലോഞ്ചിങ് പാഡിലും മുന്നൂറോളം ഭീകരർ ഉണ്ടാകുമെന്നാണ് ബിഎസ്എഫ് വ്യക്തമക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള അവരുടെ ഓരോ ശ്രമങ്ങളും സുരക്ഷസേന തകർത്തുവെന്നും ബി.എസ്.എഫ് ഇൻസ്‌പെക്ടർ ജനറൽ രാജേഷ് മിശ്ര വ്യക്തമാക്കി.

''പാക്കിസ്ഥാന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളെ തുടർന്ന് പ്രദേശവാസികൾക്ക് വീടകൾ തകരുന്നതടക്കം ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്‌നം തീർച്ചയായും ഉയർത്തേണ്ടതുണ്ട് - മിശ്ര പറഞ്ഞു. പാക്കിസ്ഥാന്റെ നിരന്തര വെടിനിർത്തൽ ലംഘനം സംബന്ധിച്ച് എന്ത് സന്ദേശമാണ് രാജ്യാന്തര സമൂഹത്തിന് നൽകാനുള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നവംബർ 13ന് ജമ്മു -കശ്മീരിൽ നടന്ന രണ്ടു വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ മൂന്നു ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഉറി സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേരും ഗുരേസ് സെക്ടറിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.