എറണാകുളം, വൈറ്റില-ഗാന്ധിനഗർ ടെലിഫോൺ എക്‌സ്‌ചേഞ്ച് പരിധിയിൽ ബിഎസ്എൻഎൽ ഫൈബർ ഓപ്ടിക് ബ്രോഡ് ബാന്റ് കേബിൾ ശൃംഘല ബോധപൂർവ്വം കേട് വരുത്തുന്നതായി പരാതി ഉയർന്നിരിക്കുന്നു. നാല് മീറ്ററിലധികം ഉയരത്തിൽ ബിഎസ്എൻഎൽ ന്റേയും കെ എസ് ഇ ബി യുടേയും പോസ്റ്റുകളിലൂടെ വലിച്ചിരിക്കുന്ന കേബിളുകളാണ് കേട് വരുത്തപ്പെടുന്നത്. ഫൈബർ മുറിക്കാതെ അതിന്റെ സംരക്ഷണ സംവിധാനങ്ങൾ മാത്രമാണ് മുറിക്കുന്നതു്. ഫൈബർ മുറിച്ചാൽ അപ്പോൾ തന്നെ സേവനം തടസ്സപ്പെടുകയും ആ വിവരം ഉപഭോക്താക്കളും സേവന ദാതാക്കളും അറിയുകയും കുറ്റവാളികളെ ഉടൻ കണ്ടെത്തുകയും ചെയ്യും. മറിച്ച് ഫൈബർ മുറിയാതെയിരിക്കുമ്പോൾ അത് വലിഞ്ഞ് സിഗ്‌നൽ ശേഷി കുറഞ്ഞ് സേവനത്തിന്റെ കാര്യക്ഷമത കുറയുകയേ ഉള്ളു. പിടിക്കപ്പെടുന്നതൊഴിവാക്കിക്കൊണ്ട് കേബിളിന്റെ ഘടനയേക്കുറിച്ച് നല്ല പരിചയമുള്ളവരാണ് ഈ നാശ നഷ്ടം വരുത്തുന്നത്. അത് ഈ രംഗത്ത് സേവനം നൽകുന്ന ജിയോ, എയർടെൽ, ഏഷ്യാനെറ്റ്, കേരളവിഷൻ തുടങ്ങിയവരുടെ ഏജൻസികളിൽ ആരോ ആണ്. ആരുടേതെന്ന് കണ്ടു പിടിക്കപ്പെടുക തന്നെ ചെയ്യും.

ബി എസ് എൻ എൽ ന്റെ മാത്രമായ ശൃംഖലാ പങ്കാളി ഇ.നെറ്റ് എന്ന പേരിൽ കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ച് വരികയാണ്. അത് വരെ ലോക്കൽ കേബിൾ ഓപ്പറേറ്മർമാരെ പങ്കാളികളായി ബി എസ് എൻ എൽ നിയോഗിച്ചിരുന്നെങ്കിലും അവരൊന്നും ബിഎസ്എൻഎൽ ന്റെ കണക്ഷൻ കൊടുക്കാൻ താല്പര്യം കാട്ടിയിരുന്നില്ല. പകരം, താരതമ്യേന ചെറിയ അളവിൽ കമ്മീഷൻ കൂടുതൽ നൽകുന്നതിന്റെ പേരിൽ മറ്റിതര കമ്പനികളുടെ കണക്ഷനുകൾ കൊടുക്കാനാണ് അവർ താല്പര്യം കാണിച്ചത്. ഇതു മൂലം ബി എസ് എൻ എൽ ന്റെ 'ഫൈബർ ടു ഹോം' പദ്ധതി അവതാളത്തിലായിരുന്നു. ബി എസ് എൻ എൽ ന്റെ വരുമാന ശോഷണവും തന്മൂലമുള്ള സാമ്പത്തിക പ്രതിസന്ധയും വഷളായതിന് കേന്ദ്ര സർക്കാരുകൾ അനുവർത്തിച്ച് വന്ന സ്വകാര്യവൽക്കരണ നയത്തോടൊപ്പം പതിനഞ്ച് വർഷത്തോളമായി നടന്ന് വന്ന ഈ പദ്ധതിയുടെ പരാജയവും ഒരു കാരണമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് റിട്ടയർ ചെയ്ത ബി എസ് എൻ എൽ സാങ്കേതിക വിഗ്ദ്ധരുടെ മുൻകൈയിൽ ബി എസ് എൻ എൽ ന്റെ മാത്രമായ ശൃംഖല പങ്കാളി എന്ന പരീക്ഷണം തൃശൂരിൽ അന്നമനടയിലും എറണാകുളം വൈറ്റിലയിലും ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൂറിലേറെ ഇത്തരം ശൃംഖലാ പങ്കാളികൾ കേളത്തിൽ വിവിധ ജില്ലകളിൽ സ്ഥാപിതമായി. ഒന്നര പതിറ്റാണ്ട് കൊണ്ട് വെറും ഇരുപതിനായിരത്തോളം മാത്രം ഫൈബർ കണക്ഷൻ നൽകിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം ഒരു ലക്ഷത്തിലേറെ കണക്ഷനുകളായി ഉയർന്നു. ബി എസ് എൻ എൽ ന്റെ മാത്രം ശൃംഖലാ പങ്കാളികൾ രംഗത്ത് വന്നതോടെ മറ്റുള്ളവരും ബി എസ് എൻ എൽ ന്റെ കണക്ഷനുകൾ കൊടുത്തു തുടങ്ങി. യഥാർത്ഥത്തിൽ ബി എസ് എൻ എൽ ന്റെ എല്ലാ പരിമിതികളോടെയും അതിന്റെ സേവനങ്ങൾ ജനങ്ങൾക്ക് എത്രമാത്രം സ്വീകാര്യമാണെന്നും കാത്തിരിക്കുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാർ നയനടപടികൾ മുകൾ തട്ടിൽ എത്രത്തോളം ബി എസ് എൻ എൽ ന്റെ പ്രതിസന്ധിക്ക് കാരണമായോ അതേ അളവിൽ വിപണി പങ്കാളിത്തം ഇടിക്കുന്നതിൽ താഴെ തട്ടിൽ ഈ പുറം കരാറും കാരണമായി. പുറം കരാർ ഒരു സ്ഥാപനത്തിന്റെ നാശത്തിനുള്ള പാതയാണെന്നതിന്റെ തെളിവ് വേറെ തേടേണ്ടതില്ല.

ബി എസ് എൻ എൽ ന്റെ മാത്രം ശൃംഖലാ പങ്കാളികളുടെ കടന്ന് വരവ് സ്വകാര്യ കമ്പനികളെ അങ്കലാപ്പിലാക്കിയതിന്റെ നേർ തെളിവാണ് അവർക്ക് വേണ്ടി അവരുടെ ശൃംഖലാ പങ്കാളികളേക്കൊണ്ട് ബി എസ് എൻ എൽ ന്റെ കേബിളുകൾ നശിപ്പിക്കുന്നത്. ഇത്തരം ക്രിമിനൽ നടപടികൾ പൊലീസ് ഇടപെട്ട് തടയണമെന്നാവശ്യപ്പെട്ട് കടവന്ത്ര-മരട് പൊലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.

എല്ലാ ഓപ്പറേറ്റർമാർക്കും നിലനില്കാനുള്ള കമ്പോളം ഇവിടെയുണ്ട്. പരസ്പരം നാശ നഷ്ടങ്ങൾ വരുത്തുന്നത് വ്യവസായത്തിനും ഉപഭോക്താക്കൾക്കും സമൂഹത്തിനും ഗുണകരമല്ല. സ്വകാര്യ ഓപ്പറേറ്റർമാർ ബിഎസ്എൻഎൽ നെ ന്യായമായ രീതിയിൽ സേവിക്കാൻ തയ്യാറായാൽ പിന്നെ ബിഎസ്എൻഎൽ ന്റെ മാത്രം ശൃംഖലാ പങ്കാളിയുടെ ആവശ്യമുണ്ടാവില്ല. അതല്ല, സ്വകാര്യ കമ്പനികളുടെ നിക്ഷിപ്ത താല്പര്യം സംരക്ഷിക്കാനായി ബിഎസ്എൻഎൽ നെ നശിപ്പിക്കാനാണ് ശ്രമമെങ്കിൽ ഉപഭോക്താക്കളുടെ സഹകരണ സംഘമോ കമ്പനിയോ സ്ഥാപിച്ച് പ്രവർത്തനം വ്യാപകമാക്കിക്കൊണ്ട് ടെലികോം വ്യവസായത്തിൽ പൊതു മേഖലയുടെ സ്ഥാനം ഉറപ്പാക്കാൻ ഉപഭോക്താക്കൾ നിർബ്ബന്ധിതരാകും.

സ്വന്തം താല്പര്യത്തിൽ കേബിൾ മുറിക്കുന്നത് പോലുള്ള നശീകരണ പ്രവൃത്തികളിൽ നിന്ന് പിന്തിരിയണമെന്നും മറ്റിതര കമ്പനികളോടൊപ്പം ബിഎസ്എൻഎൽ നേയും സേവിക്കാൻ ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ക്രിമിനൽ നടപടികളോടൊപ്പം സാമ്പത്തിക നഷ്ടപരിഹാരവും വസൂലാക്കുമെന്നും ബിഎസ്എൻഎൽ നെ സംരക്ഷിക്കാനായി ഐപി ടിവിയടക്കം വ്യാപകമായി നൽകിക്കൊണ്ട് സഹകരണ സംഘങ്ങളും റസിഡന്റ്‌സ് അസോസിയേഷനുകളും ഈ മേഖല ഏറ്റെടുക്കാൻ നിർബ്ബന്ധിതമാകുമെന്നും ബന്ധപ്പെട്ടവരെ ഓർമ്മപ്പെടുത്തുന്നു.