കൊൽക്കത്ത: കോവിഡ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വഷളായി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ബുദ്ധദേബിന്റെ ഓക്സിജൻ നില ഇന്നു രാവിലെ തൊണ്ണൂറിനു താഴെ എത്തുകയായിരുന്നു. ഇതിനെത്തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചു.

എഴുപത്തിയേഴുകാരനായ ബുദ്ധദേബിന് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നു ഡോക്ടർമാർ അറിയിച്ചു.

ബുദ്ധദേബിന്റെ ഭാര്യ മിറയും കോവിഡ് ബാധിതയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അവർ ഇന്നലെയാണ് തിരികെ വീട്ടിൽ എത്തിയത്.