അഞ്ചൽ: റോഡപകടത്തിൽ മരിച്ച സിആർപിഎഫ് ജവാന്റെ വീട്ടിൽനിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ കെയ്‌സും കണ്ടെടുത്തു. 2016ൽ മരിച്ച അഗസ്ത്യക്കോട് ആലുവിള വീട്ടിൽ അമിത്തിന്റെ വീട്ടിൽ നിന്നാണ് മൂന്ന് വെടിയുണ്ടകളും ഒഴിഞ്ഞ മൂന്ന് കെയ്‌സുകളും കണ്ടെടുത്തത്. അമിത്തിന്റെ സഹോദരനാണ് വീട്ടിൽ വെടിയുണ്ടയുള്ള കാര്യം പൊലീസിനെ അറിയിച്ചത്. അഞ്ചൽ പൊലീസും, കൊല്ലത്തുനിന്ന് ആയുധ പരിശോധന വിദഗ്ധ സംഘവും വീട്ടിലെത്തി വെടിയുണ്ടകളും കെയ്‌സും കസ്റ്റഡിയിലെടുത്തു.

സ്വത്ത് സംബന്ധമായ തർക്കത്തെത്തുടർന്ന് അടച്ചിട്ടിരുന്ന കുടുംബ വീട്ടിന്റെ സിറ്റൗട്ടിൽ താമസമാക്കിയ അമിത്തിന്റെ ജ്യേഷ്ഠ സഹോദരനും ഭാര്യയും കഴിഞ്ഞദിവസം കതക് തുറന്ന് മേശയും മറ്റും പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടത്. ഇതേത്തുടർന്ന് അമിത്തിന്റെ അമ്മയെയും മറ്റൊരു സഹോദരനെയും പുനലൂരിലെ വീട്ടിൽനിന്ന് അഞ്ചൽ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. വെടിയുണ്ടകൾ വീട്ടിലുണ്ടെന്ന് അറിയാമായിരുന്നെന്നും ഇതിന്റെ ഗൗരവം അറിയില്ലെന്നും മാതാവും സഹോദരനും മൊഴി നൽകി.

നേരത്തേ കുളത്തൂപ്പുഴയിലെ റോഡരികിൽ 12 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്ന സംഘമാണ് ഇതും അന്വേഷിക്കുന്നത്.