കണ്ണൂർ: ഒറ്റനോട്ടത്തിൽ സിപിഎമ്മിന്റെ ഈച്ച പോലും കയറാത്ത പൊന്നാപുരം കോട്ടയാണ് ധർമ്മടം മണ്ഡലമെങ്കിലും പ്രതീക്ഷ കൈവിടാതെയുള്ള മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സി.രഘുനാഥ് നടത്തുന്നത്. കെ.എസ്.യുക്കാരനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സി രഘുനാഥിന് മണ്ഡലത്തെ തന്റെ ഉള്ളംകൈ പോലെ അറിയാമെന്നതാണ് വ്യത്യസ്തനാക്കുന്നത്. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം അൻപതിനായിരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി മണ്ഡലത്തിൽ എൽ.ഡി.എഫ് വിയർപ്പൊഴുക്കുന്നതെങ്കിലും നീതിപൂർവ്വകമായ തെരഞ്ഞെടുപ്പ് നടന്നാൽ തനിക്ക് അത്ഭുതം സൃഷ്ടിക്കാനാകുമെന്നാണ് സി.രഘുനാഥ് പറയുന്നത്.

കണ്ണൂർ ജില്ലയിൽ പതിനായിരത്തിലേറെ വളണ്ടിയർ മാരുള്ള കണ്ണൂർ ട്രോമാ കെയറിന്റെ ചെയർമാനാണ് സി.രഘുനാഥ്. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്തെ കെ.എസ്.യുവിന്റെ മുൻ നിര നേതാക്കളിലൊരാളായിരുന്ന അദ്ദേഹം കോഴിക്കോട് സർവകലാശാല സെനറ്റ് അംഗമായിരുന്നു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥ് രാഷ്ട്രീയത്തിനോടൊപ്പം അത്ലറ്റിക്സിലും മികവ് തെളിയിച്ചു. സർവകലാശാല സ്പോർട്സ് മീറ്റിൽ ലോങ്ങ് ജംപിലും ഹൈജംപിലും മത്സരിച്ച് നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

കോൺഗ്രസിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് പലപ്പോഴും രഘുനാഥാണ്. മണ്ഡലത്തിന്റെ പൾസറിയാൻ രഘുനാഥിന് ഇതു കാരണം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാൺ സുധാകരൻ സി.രഘുനാഥിനെ ഏൽപ്പിച്ചത്. തോട്ടട എസ്.എൻ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ രഘുനാഥ് രാഷ്ട്രീയത്തോടൊപ്പം തന്റെതായ വ്യവസായ സംരഭങ്ങളും നടത്തിവരികയാണ്.

2019 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ 4099 വോട്ടുകൾ മാത്രമാണ് കെ.സുധാകരനെതിരെ പാർട്ടി കോട്ടയായ ധർമ്മടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.കെ ശ്രീമതിയുടെ ഭൂരിപക്ഷം. ഇതാണ് രഘുനാഥിന് ആത്മവിശ്വാസം പകരുന്ന ഘടകം.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നും കടമ്പൂർ ഗ്രാമ പഞ്ചായത്ത് പിടിച്ചെടുക്കാനായതും മുഴപ്പിലങ്ങാട് പഞ്ചായത്തിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കിയതും കോൺഗ്രസിന് ആത്മവിശ്വാസമുണ്ടാക്കുന്ന ഘടകങ്ങളാണെന്ന് സി.രഘുനാഥ് പറയുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ മണ്ഡലത്തിൽ ഒന്നാം ഘട പര്യടനം നടത്തിയ മുഖ്യമന്ത്രി ഇനി മാർച്ച് 30 ന് മാത്രമേ വരികയുള്ളു. എങ്കിലും എണ്ണയിട്ട യന്ത്രം പോലെ പാർട്ടി പ്രവർത്തനം മണ്ഡല തലത്തിൽ ശക്തമായി നടക്കുന്നുണ്ട്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പരമാവധി വോട്ടുകൾ സമാഹരിക്കുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. ബിജെപിക്കായി ദേശീയ നിർവാഹ സമിതിയംഗം സി.കെ പത്മനാഭനും സ്വതന്ത്ര സ്ഥാനാർത്ഥികളായി വാളയാർ പെൺകുട്ടികളുടെ അമ്മയും യുത്ത് കോൺഗ്രസ് വിമത നേതാവ് മഹ്റുഫ് എരുവട്ടിയും മത്സരിക്കുന്നുണ്ട്.