തിരുവനന്തപുരം: സർവ്വകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശമ്പള പരിഷ്‌കരണത്തിനോടൊപ്പം 1.07.2019 മുതൽ പെൻഷൻ പരിഷ്‌ക്കരണവും പ്രാബല്യത്തിൽ വരും. 2021 ജൂലൈ 1 മുതൽ പരിഷ്‌ക്കരിച്ച പ്രതിമാസ പെൻഷൻ നൽകി തുടങ്ങും. പാർട്ട് ടൈം പെൻഷൻകാർക്കും ഈ വ്യവസ്ഥയിൽ പെൻഷൻ നൽകും.

ലിഫ്റ്റ് തകർന്ന് മരണപ്പെട്ട സംഭവം: ആശ്രിതർക്ക്  20 ലക്ഷം

തിരുവനന്തപുരം ആർ.സി.സി.യിലെ ലിഫ്റ്റ് തകർന്ന് മരണപ്പെട്ട കൊല്ലം പത്തനാപും കണ്ടയം ചരുവിള വീട്ടിൽ നജീറമോളുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താൻ തീരുമാനിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്റെ ഭർത്തവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാൻ തീരുമാനിച്ചു. നേരത്തെ 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.