ഷാങ്ങ്‌സി: 100 മീറ്റർ ഓട്ടമത്സരത്തിൽ മത്സരാർഥികളേക്കാൾ വേഗതയിൽ ആ ഓട്ടം ഷൂട്ട് ചെയ്യാൻ നിന്ന ക്യാമറാമാൻ ഓടിയാൽ എങ്ങനെയുണ്ടാകും? അത് വൻസംഭവമായിരിക്കുമെന്ന് ഉറപ്പ്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഡാറ്റോങ് യൂണിവേഴ്‌സിറ്റിയിൽ നടന്ന കായിക മത്സരത്തിനിടയിലാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.

മത്സരം തുടങ്ങിയപ്പോൾ തന്നെ ക്യാമറയുമായി ക്യാമറാമാൻ മത്സരാർഥികൾക്ക് മുന്നിൽ ഓടാൻ തുടങ്ങി. മത്സരാർഥികളേക്കാൾ അൽപം മുമ്പിലാണ് വീഡിയോഗ്രാഫർ ഓട്ടം തുടങ്ങിയതെങ്കിലും പതുക്കെ അവരുടെ വേഗത കൂടി. താരങ്ങളെ വളരെ ദൂരം പിന്നിലാക്കി ഫിനിഷിങ് ലൈൻ തൊട്ടു. അതു മാത്രമല്ല, ആ അവരുടെ കൈയിലുണ്ടായിരുന്ന ക്യാമറയുടെ ഭാരം നാല് കിലോഗ്രാമായിരുന്നു. സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഈ ഓട്ടമത്സരത്തിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി തന്നെയായ ക്യാമറാമാനെ അഭിനന്ദിച്ച് നിരവധി കമന്റുകളും ഈ വീഡിയോക്ക് താഴെയുണ്ട്.