ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കാർഷിക നയങ്ങൾക്കെതിരെ നാളെ ഭാരത് ബന്ദ് നടക്കാനിരിക്കേ, ഈ നിയമം പിൻവലിക്കില്ലെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ആഗ്രാ മെട്രോ റെയിൽ പ്രൊജക്ട് വിർച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസനത്തിന് പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ ഇപ്പോൾ ഭാരമാകുന്നെന്നും മോദി പറഞ്ഞു.

'പുതിയ സൗകര്യങ്ങൾക്ക് പുത്തൻ പരിഷ്‌കാരങ്ങൾ വേണ്ടിവരും. അടുത്ത നൂറ്റാണ്ടിനെ നമുക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ വെച്ച് നിർമ്മിക്കാനാവില്ല.കഴിഞ്ഞ കാലങ്ങളിൽ നല്ലതിനായി ഉപയോഗിച്ചിരുന്ന പല നിയമങ്ങളും ഇപ്പോൾ ഭാരമാകുന്നുണ്ട്. പരിഷ്‌കാരങ്ങൾ തുടർച്ചയുള്ള പ്രവൃത്തിയാണ്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി അതിർത്തികളിൽ പതിനൊന്ന് ദിവസത്തിലേറെയായി കർഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിര കണക്കിന് കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

എന്നാൽ പുതിയ മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കർഷകർ. നാളെ നടക്കുന്ന കർഷക ബന്ദിന് വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, സമാജ് വാദി പാർട്ടി, ടി.ആർ.എസ് തുടങ്ങിയ പാർട്ടികളാണ് പിന്തുണ അറിയിച്ചത്.

കാർഷിക നിയമത്തിനെതിരെ കർഷകർ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷനും രംഗത്തുവന്നു. സംഘടനാ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര സിംഗു ബോർഡറിലെത്തി നേരിട്ടാണ് കർഷകർക്കുള്ള പിന്തുണ അറിയിച്ചത്. 'ഞങ്ങളുടെ കീഴിലുള്ള എല്ലാ സംഘടനകൾക്കും കത്തെഴുതിയിട്ടുണ്ട്. കർഷകരുടെ ന്യായമായ സമരത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണയും നടക്കും', ശിവ് ഗോപാൽ പറഞ്ഞു.

നേരത്തെ ബുക്ക് ചെയ്ത കല്യാണവും മറ്റു പരിപാടികളുമെല്ലാം റദ്ദാക്കികൊണ്ടാണ് അസോസിയേഷനിൽ അംഗങ്ങളായ എല്ലാ സ്ഥാപനങ്ങളും കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ എട്ടിനാണ് കർഷകർ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആ ദിവസം പഞ്ചാബിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും റിസോർട്ടുകളും ബാറുകളും തുടങ്ങി അസോസിയേഷന് കീഴിലുള്ള ഒരു സംസ്ഥാപനവും തുറന്നു പ്രവർത്തിക്കില്ലെന്നാണ അവർ അറിയിച്ചിട്ടുള്ളത്.

നേരത്തെ തന്നെ ഭാരത് ബന്ദിന് പിന്തുണയുമായി ട്രാൻസ്പോർട്ട് സംഘടനകൾ രംഗത്തെത്തിയിരുന്നു. ഡൽഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 'ഒരച്ഛന്റെ രണ്ട് മക്കളെപ്പോലെയാണ് കൃഷിയും ഗതാഗതവും. ഭാരത് ബന്ദിന് 51 ട്രാൻസ്പോർട്ട് യൂണിയനുകളുടെ പിന്തുണയുണ്ടാകും', ഇന്ത്യാ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡണ്ട് സതീഷ് സെഹ്റാവത് പറഞ്ഞു. ഞങ്ങളുടെ ബിസിസനിന്റെ വേരുകളാണ് കർഷകരെന്നായിരുന്നു ഡൽഹി ചരക്ക് ഗതാഗത അസോസിയേഷൻ പ്രസിഡണ്ട് പർമീത് സിങ് പറഞ്ഞത്. സമരം ചെയ്യുന്നവർ തങ്ങളുടെ സഹോദർമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.