ടൊറൊന്റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയിൽ അസംബ്ലി സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് വിജയം. അസംബ്ലിയിൽ അംഗമായ രാജ് ചൗഹാൻ ആണ് സ്പീക്കർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ.

ബർനബി-എഡ്മണ്ട്സ് മണ്ഡലത്തിൽ നിന്നും തുടർച്ചയായി അഞ്ചാം തവണയാണ് ചൗഹാൻ ബ്രിട്ടീഷ് കൊളംബിയ അസംബ്ലിയിൽ എത്തുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറുടെ പദവി വഹിച്ചിരുന്നു. കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ന്യുസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പഞ്ചാബിൽ ജനിച്ച ചൗഹാൻ 1973ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. ഒരു ഫാമിൽ തൊഴിലാളിയായാണ് അവിടെ ജീവിതം തുടങ്ങുന്നത്. ഇന്ത്യൻ-കനേഡിയൻ കമ്മ്യുണിറ്റിയിലെ അംഗമെന്ന നിലയിൽ പുതിയ സ്ഥാനലബ്ദിയിൽ ഏറെ അഭിമാനമുണ്ടെന്ന് രാജ് ചൗഹാൻ പറഞ്ഞു. ചൗഹാൻ അംഗമായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു.