മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരാൻ കാത്തുനിൽക്കാതെ ഇന്നലെ മരണത്തിന് കീഴടങ്ങിയ മലപ്പുറം തിരൂർ തലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. 239വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മരിച്ച സ്ഥാനാർത്ഥിയുടെ വിജയം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെയാണ് തലക്കാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് ഇടതുപക്ഷ സ്ഥാനാർത്ഥിയും തലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റി അംഗവുമായ തിരൂർ ബിപി അങ്ങാടി പാറശ്ശേരി എരഞ്ഞിക്കൽ സഹീറ ബാനു (50) മരിച്ചത്.

കഴിഞ്ഞ 10ന് സഹോദരന്റ മകനുമൊത്ത് ബൈക്കിൽ ബാങ്കിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ഇന്ന് വൈകീട്ട് മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.സിപിഐ എം നേതാവും മഹിളാ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന സാഹിറാ ഭാനു നാട്ടുകാരുടെ ജനകീയ നേതാവായിരുന്നു.

2000 ലും 2010ലും പഞ്ചായത്ത് മെമ്പറായിരുന്ന ഇവർ കഴിഞ്ഞ തവണ പൂക്കൈതയിലെ യുഡിഎഫ് ശക്തികേന്ദ്രത്തിൽ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാർഡായ പാറശ്ശേരി വെസ്റ്റിലാണ് മൽസരിക്കുന്നത്. നാട്ടുകാരുടെ എത് വിഷയത്തിലും ഇടപ്പെട്ട് പരിഹാരം കണ്ടിരുന്ന ഈ ജന നേതാവ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നു. ഇത്തവണയും വൻ വിജയം പ്രതീക്ഷിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. സ്ഥാനാർത്ഥി വിജയിച്ചെങ്കിലും വാർഡിൽ ആഘോഷങ്ങളൊന്നുമില്ല.