കൂനൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിൽ തുടരുന്ന സിങ്ങിന്റെ ആരോഗ്യനില വഷളായിട്ടില്ലെങ്കിലും അടുത്ത നാൽപ്പത്തിയെട്ടുമണിക്കൂറുകൾ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏകവ്യക്തി ക്യാപ്റ്റൻ വരുൺ സിങ്ങാണ്. അദ്ദേഹത്തിന് 80- 85 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റ് വെല്ലിങ്ടൺ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് ശസ്ത്രക്രിയക്ക് മുമ്പ് ബോധമുണ്ടായിരുന്നുവെന്നും ഭാര്യയോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും കുടുംബം വ്യക്തമാക്കി.

വരുൺ സിങ്ങിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നും എന്നാൽ ആരോഗ്യനില വഷളായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അദ്ദേഹം കർശന നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ആവശ്യമെങ്കിൽ സൈനിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അദ്ദേഹത്തെത്തിന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ്. വ്യോമമസേനയിൽ വിങ് കമാൻഡറായ വരുൺ സിങ് 2020 ഒക്ടോബർ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അർഹനായത്. വിമാനത്തിന്റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ്ങ് മനസ്ഥൈര്യത്തോടെ നേരിടുകയായിരുന്നു.

ഒരിക്കലും സംഭവിക്കുമെന്ന് മുൻകൂട്ടി കരുതാത്തത്രയും വലിയ തകരാറായിരുന്നു അന്ന് സംഭവിച്ചത്. ജീവനും യുദ്ധവിമാനവും നശിക്കുന്ന അപകടത്തിലേക്ക് വഴിതുറക്കുമായിരുന്നു. വിമാനം ഉയരത്തിൽ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തിൽ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യത്തിൽ കടുത്ത ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലായിരുന്നിട്ടും, വരുൺ സിങ്ങ് മനോധൈര്യം കൈവിട്ടിരുന്നില്ല.

കിഴക്കൻ ഉത്തർപ്രദേശിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുൺ സിങ് ജനിച്ചത്. വരുൺ സിങ്ങിന്റെ പിതാവ് റിട്ട. കേണൽ കെ.പി.സിങ് ആർമി എയർ ഡിഫൻസ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുൺ സിങ്ങിന്റെ സഹോദരൻ തനൂജ് സിങ് ഇന്ത്യൻ നാവിക സേനയിൽ ലഫ്റ്റനെന്റ് കമാൻഡറാണ്. സംസ്ഥാന കേൺഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്. സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം ലെയ്സൺ ഓഫീസറായാണ് ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അനുഗമിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.