പൊൻകുന്നം: ചില കാര്യങ്ങൾ അങ്ങിനെയാണ്. അത് സംഭവിച്ചത് എങ്ങിനെയെന്ന് നമുക്ക് പിന്നീട് പറയാൻ പോലും പറ്റില്ല.അത്തരമൊരു അദ്ഭുതകരമായ ആ രക്ഷപ്പെടലിന്റെ വലിയ ആശ്വാസത്തിലാണ് ഒരു കുടുംബമൊന്നാകെ. വീട്ടുമുറ്റത്തെ പോർച്ചിൽനിന്നു പുറത്തേക്കെടുത്ത കാർ നിയന്ത്രണം വിട്ടപ്പോൾ ഇടിച്ചുനിന്നത് സമീപത്തെ കിണറിന്റെ ഭിത്തിയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഭിത്തി തകർന്നപ്പോൾ കിണർ മൂടിയിരുന്ന കമ്പിവലയിൽ ഇരുന്ന 2 കുട്ടികൾ എട്ടടിയോളം വെള്ളമുള്ള കിണറ്റിൽ വീണു. കിണറ്റിലേക്ക് എടുത്തു ചാടിയ പിതൃസഹോദരൻ ഇരുവരെയും രക്ഷിക്കുകയായിരുന്നു.

ഇന്നലെ രാവിലെയായിരുന്നു അപകടം. പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറെന്ന വ്യക്തിയാണ് കാറോടിച്ചിരുന്നത്.ഇദ്ദേഹത്തിന്റെ മകൾ പതിനാലു വയസ്സുകാരി ഷിഫാന, ഷിഫാനയുടെ മടിയിലിരുന്ന നാലര വയസ്സുകാരി മുഫസിനെ എന്നിവരാണ് കിണറിലേക്ക് വീണത്. അപകടത്തിന്റെ ശബ്ദം കേട്ടയുടൻ ഷബീറിന്റെ സഹോദരനായ സക്കീർ ഹുസൈൻ മൗലവി ഓടിവന്ന് കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.നാട്ടുകാർ എത്തുന്നതു വരെ കുട്ടികളെ കൈകളിൽ ഉയർത്തിപ്പിടിച്ചു മൗലവി നീന്തി നിന്നു.

കയറിൽ കസേര കെട്ടിയിറക്കിയാണു ഷിഫാനയെ കയറ്റിയത്.തുടർന്ന് വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് സക്കീർ ഹുസൈനെയും മുഫസിനെയും പുറത്തെത്തിച്ചത്. മുഹമ്മദ് ഷബീറിന്റെ മറ്റൊരു സഹോദരൻ സത്താറിന്റെ മകളാണ് മുഫസിൻ.ഭിത്തി ഇടിച്ചു തകർത്ത കാർ കിണറ്റിലേക്കു വീഴാറായ നിലയിലാണു നിന്നത്. മറുവശത്തെ വാതിൽ തുറന്നാണു ഷബീർ പുറത്തിറങ്ങിയത്.