മുംബൈ: സെപ്റ്റംബർ പാദത്തിൽ അറ്റാദായത്തിൽ 15 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ, റിലയൻസ് ഇൻഡസ്ട്രീസിന് ഓഹരിവിപണിയിൽ കനത്ത തകർച്ച. ഇതിന്റെ തുടർച്ചയായി തിങ്കളാഴ്ച റിലയൻസിന്റെ ഓഹരിവിലയിൽ 8.62 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ, കമ്പനിയുടെ വിപണിമൂല്യത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്‌സിന്റെ കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയിൽ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. റിലയൻസിന്റെ വിപണിമൂല്യം കുറഞ്ഞതോടെ, ഫോബ്‌സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞ് 71.5 ബില്യൺ ഡോളറായി താഴ്ന്നു.കഴിഞ്ഞദിവസം ബിഎസ്ഇയിൽ ഓഹരി വില 8.62ശതമാനം താഴ്ന്ന് 1,877 നിലവാരത്തിലാണ് എത്തിയത്. കമ്പനിയുടെ വിപണിമൂല്യത്തിൽ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം.

ജൂലായ്-സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപമായെത്തിയതിനെതുടർന്ന് ഓഹരി വില 2369 രൂപവരെ ഉയർന്നിരുന്നു. മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്നായിരുന്നു ഈ കുതിപ്പ്. ഇലോൺ മസ്‌കാണ് ഫോബ്‌സിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്. ആസ്തി 76.2 ബില്യൺ ഡോളറും.