കൊച്ചി: സംസ്ഥാനത്തെ ആഡംബര കാർ വിൽപനയിൽ വൻ മുന്നേറ്റം. 2017ൽ ഏകദേശം 2400 കാറുകൾ വിറ്റഴിഞ്ഞു. മുൻ കൊല്ലത്തെക്കാൾ 20 ശതമാനം വർധന. നോട്ട് നിരോധനവും ജിഎസ്ടിയും പിന്നോട്ടടിക്കും എന്നു കരുതിയിരുന്നെങ്കിലും രാജ്യത്താകെ ആഡംബര കാർ വിൽപന മുൻകൊല്ലത്തെക്കാൾ വർധിക്കുകയായിരുന്നു. ഏതാനും വർഷമായി ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തുള്ള മെഴ്‌സീഡിസ് ബെൻസ് 15330 കാറുകളാണ് 2017ൽ വിറ്റഴിച്ചത്.

2016ൽ വിറ്റതിനെക്കാൾ 16% കൂടുതലാണിത്. ബിഎംഡബ്ല്യുവിന് 25% വളർച്ചയാണുണ്ടായത്. 2016ൽ 7861 കാർ വിറ്റ കമ്പനി 2017ൽ വിറ്റത് 9800 കാർ. മൂന്നാം സ്ഥാനത്തുള്ള ഔഡി 7876 കാറുകളാണു കഴിഞ്ഞ വർഷം വിറ്റത്. 2016ൽ 7720 ആയിരുന്നു വിൽപന. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ്‌റോവർ (ജെഎൽആർ) 49% വളർച്ചയാണു നേടിയത്. 2016ൽ 2653 കാർ വിറ്റ കമ്പനി 2017ൽ 3954 എണ്ണം വിറ്റു. വോൾവോ 2029 കാർ വിറ്റ് 28% വളർച്ച രേഖപ്പെടുത്തി. കേരളത്തിലും ഈ കമ്പനികൾ ഇതേ സ്ഥാനങ്ങൾ തന്നെയാണു നിലനിർത്തുന്നത്.

ആദ്യസ്ഥാനക്കാരായ മെഴ്‌സിഡീസിന്റെ വിൽപന ആയിരത്തിലേറെ കാറുകളാണെന്നാണു സൂചന. കമ്പനി സംസ്ഥാനങ്ങളിലെ വിൽപനക്കണക്കുകൾ പ്രത്യേകമായി പുറത്തുവിടാറില്ല. ബിഎംഡബ്ല്യു സംസ്ഥാനത്ത് 660 കാർ വിറ്റ് മികച്ച നേട്ടമുണ്ടാക്കി. ഔഡി വിറ്റത് ഏതാണ്ട് 350 കാറുകൾ. ജെഎൽആർ 175 കാർ വിറ്റപ്പോൾ വോൾവോ നൂറ്റൻപതോളം കാർ വിറ്റ് തൊട്ടടുത്തുണ്ട്. പോർഷെ 55 കാറുകൾ സംസ്ഥാനത്തു വിറ്റഴിച്ചു.

സംസ്ഥാനത്തു ഡീലർമാരില്ലാത്ത റോൾസ് റോയ്‌സ്, ലംബോർഗിനി, ഫെറാരി തുടങ്ങിയ ബ്രാൻഡുകൾക്കും കേരളത്തിൽ ഉപയോക്താക്കളുണ്ട്. പുതിയ മോഡലുകളും പരിഷ്‌കരിച്ച മോഡലുകളും ഉപയോക്താക്കളെ ആകർഷിച്ചതായി കമ്പനികൾ വിലയിരുത്തുന്നു. വായ്പാ ലഭ്യതയും വിൽപനാനന്തര സേവനങ്ങളിലെ ശ്രദ്ധയും കാറുകളിലെ ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉപയോക്താക്കളെ ആകർഷിച്ച ഘടകങ്ങളാണ്.

ആകെ 1500 കോടി രൂപയുടെയെങ്കിലും ആഡംബര കാറുകൾ കേരളത്തിൽ കഴിഞ്ഞ വർഷം വിറ്റഴിഞ്ഞു. സർക്കാരിന് റോഡ് നികുതിയായി കുറഞ്ഞത് 300 കോടി രൂപ ലഭിച്ചിട്ടുണ്ട്. തീരെക്കുറഞ്ഞ റോഡ് നികുതിയുള്ള പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത ആഡംബരക്കാറുകൾ കേരളത്തിൽ ഓടിക്കുന്നതിനു പിടിവീണ സാഹചര്യത്തിൽ ഇക്കൊല്ലം കേരളത്തിനു റോഡ് നികുതി വരുമാനം വർധിക്കുമെന്നാണു പ്രതീക്ഷ.