തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ.

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരമേൽക്കുമ്പോൾതന്നെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർപാപ്പയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയ അതേസമയത്ത് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയെ സന്ദർശിച്ചിരുന്നു.

മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.

'മാർപാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്താൻ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു' നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി ഇറ്റലിയിലെത്തിയത്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ മോദി പങ്കെടുക്കും.

'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടർന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചർച്ച നടത്തും.

ഇറ്റലിയിലെത്തിയ മോദി യൂറോപ്യൻ യൂണിയൻ കൗൺസിൽ ചാൾസ് മിഷേൽ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൺ ഡെയർ ലെയെൻ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദരാഗി എന്നിവരുമായി കഴിഞ്ഞ ദിവസം മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ അവിടത്തെ ആദ്യ ഔദ്യോഗിക ചടങ്ങിൽ വ്യാപാരം, നിക്ഷേപ ബന്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, കോവിഡ്, ദേശീയ, ആഗോളവികസനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്തത്. മെച്ചപ്പെട്ട ഭൂമി സൃഷ്ടിക്കാനായി മനുഷ്യബന്ധങ്ങളും സാമ്പത്തിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ആശയങ്ങൾ പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. തുടർന്ന്, പിയാസ ഗാന്ധിയിലുള്ള മഹാത്മാ ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തിയിരുന്നു.