ജലന്ദർ: പഞ്ചാബിലെ ജലന്ദറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹ വിരുന്ന് നടത്തിയ വരനും പിതാവും അറസ്റ്റിൽ. വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ 20 പേരെ സംഘടിപ്പിച്ച് നടത്തേണ്ട ചടങ്ങിൽ 100 പേർ പങ്കെടുക്കുകയായിരുന്നു. ജലന്ദറിലെ ക്ഷേത്രത്തിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. വിവരം ലഭിച്ച് പൊലീസ് എത്തിയതോടെ നിരവധി അതിഥികൾ പ്രദേശത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് പിതാവിനെയും വരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹവിരുന്ന് സംഘടിപ്പിക്കാൻ വരനും കുടുംബവും അനുവാദം വാങ്ങിയിരുന്നില്ലെന്ന് ജലന്ദർ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

വാരാന്ത്യ കർഫ്യൂവും ഭാഗിക ലോക്ഡൗണും നിലനിൽക്കുന്നതിനാൽ 20ൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താൻ അനുവാദമില്ല. അതേസമയം വിവാഹ വിരുന്നിൽ ഇത്രയും പേർ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്നായിരുന്നു വരന്റെ പ്രതികരണം. എങ്ങനെയാണ് ഇത്രയധികം പേർ എത്തിയതെന്ന് അറിയില്ലെന്നും വരൻ പറഞ്ഞു.

കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പഞ്ചാബിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. രാത്രി കർഫ്യൂ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ കൊണ്ടുവന്നു. കൂടാതെ ഏപ്രിൽ 30വരെ ബാറുകൾ, സിനിമ തിയറ്ററുകൾ, ജിമ്മുകൾ, സ്പാകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയവ അടച്ചിടും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇവിടെ പത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്തണമെങ്കിൽ അധികൃതരുടെ അനുവാദം വാങ്ങണം. രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെയാണ് കർഫ്യൂ.