കൊച്ചി: കോവിഡ് കാർട്ടൂണുകൾ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരൻ ഇബ്രാഹിം ബാദുഷ അന്തരിച്ചു.
കോവിഡാനന്തര ചികിത്സകൾ പുരോഗമിക്കുന്നതിനിടെ ആലുവ താലൂക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം. കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയിരുന്നെങ്കിലും വീണ്ടും അസ്വസ്ഥത തോന്നി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.'കാർട്ടൂൺമാൻ ബാദുഷ' എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്‌കൂളിനടുത്താണ് താമസിച്ചിരുന്നത്. കാർട്ടൂൺ ക്ലബ് ഓഫ് കേരള കൊഓർഡിനേറ്ററും കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു. സംസ്‌കാരം പിന്നീട്.

സംസ്ഥാനത്തും പുറത്തും കാർട്ടൂൺ ക്ലാസുകളുമായി ഓടിനടന്നിരുന്ന അദ്ദേഹം കോവിഡ് വ്യാപനം തുടങ്ങിയ ശേഷം വീടിനകത്തിരുന്നു രചനകൾ നിർവഹിക്കുകയായിരുന്നു. കോവിഡ് കാർട്ടൂണുകൾ വരച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഐഎംഎ ഉൾപ്പടെയുള്ളവരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. മെഡിക്കൽ അസോസിയേഷൻ വെബ്‌സൈറ്റിൽ ഇദ്ദേഹത്തിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം ആളുകൾ ടിക്ടോക്കിൽ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കാർട്ടൂണുകൾ ഇബ്രാഹിം ബാദുഷ വരച്ചിട്ടുണ്ട്. ലഹരിക്കെതിരെ എക്‌സൈസുമായി ചേർന്നും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ഗതാഗത നിയമങ്ങൾ സംബന്ധിച്ച കാർട്ടൂണുകളും വരച്ച് പ്രദർശനങ്ങൾ സംഘടിപ്പിട്ടിച്ചിട്ടുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിൽ തൽസമയ കാർട്ടൂൺ വരച്ചു ലഭിച്ച തുക പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി മാതൃകയായിരുന്നു