ബംഗളൂരു : കൊറോണ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിനെതിരെ വീണ്ടും കേസ്. മെക്കെദട്ടു പദയാത്രയുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ കൊറോണ സുരക്ഷാ മനദണ്ഡങ്ങൾ ലംഘിച്ചതിന് ശിവകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നൂറുകണക്കിന് ആളുകളെ അണിനിരത്തി പദയാത്ര സംഘടിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് പുറമേ 63 പാർട്ടി പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. രാമങ്കര പൊലീസിന്റേതാണ് നടപടി.

തിങ്കളാഴ്ചയാണ് കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ശിവകുമാറിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ശിവകുമാറിന് പുറമേ 30 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂടി കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. പദയാത്രയുടെ ഭാഗമായി ഇന്നലെ ശിവകുമാർ സ്‌കൂളിൽ സന്ദർശനം നടത്തിയിരുന്നു. ഇവിടെ സാമൂഹിക അകലം പാലിക്കാതെ കുട്ടികളുമായി ശിവകുമാർ ഇടപഴകിയിരുന്നു. ഇതോടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.