ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെച്ചെന്ന് ആരോപിച്ചാണ് കമൽനാഥിനെതിരെ കേസെടുത്തത്. കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിച്ചില്ലെന്നായിരുന്നു കമൽനാഥിന്റെ പ്രസ്താവന. ബി.1.617 കോവിഡ് വേരിയന്റിനെ ഇന്ത്യൻ വേരിയന്റ് എന്ന് ടാഗ് ചെയ്തുകൊണ്ടായിരുന്നു കമൽനാഥിന്റെ പരാമർശം.

ഈ പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയന്ത്രണ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കമൽനാഥിന്റെ പരാമർശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി.

എന്നാൽ കമൽനാഥിന്റെ പരാമർശങ്ങൾ രാജ്യത്തെ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തില്ലേ എന്നും ഇത്തരം പരാമർശങ്ങൾ രാജ്യദ്രോഹമല്ലേ എന്നുമാണ് ചൗഹാൻ ചോദിച്ചത്. ഇന്ത്യൻ വകഭേദം എന്നൊന്നില്ല എന്ന് അടുത്തിടെ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. ബി. 1.617 എന്നത് ഇന്ത്യൻ വകഭേദമാണ് എന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു.

ബി.1.617 എന്നതുകൊവിഡിന്റെ ഇന്ത്യൻ വകഭേദമാണ് എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും നീക്കം ചെയ്യാൻ കേന്ദ്രം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം വ്യാപിക്കുന്നു എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റായ കാര്യമാണെന്നുമാണ് ഐ. ടി മന്ത്രാലയം നൽകിയ കത്തിൽ പറയുന്നത്.