തിരുവനന്തപുരം: തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക നേതാക്കൾ സമർപ്പിച്ചു വരികയാണ്. മിക്ക നേതാക്കളും ആസ്തികൾ കുറച്ചു കാട്ടുന്ന തട്ടിപ്പാണ് നടത്തുന്നത്. എന്നാൽ, ഈ പത്രികയിൽ തട്ടിപ്പു നടത്താൻ സാധിക്കാത്ത ഒരു കാര്യമുണ്ട്. അത് കേസുകളുടെ കാര്യത്തിലാണ്. ഏതൊക്കെ കേസുകളിലാണ് നേതാക്കൾ പ്രതിയായിരിക്കുന്നത് എന്ന് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കേണ്ടതുണ്ട്. ഈ കേസുകളുടെ വിവരങ്ങൾ പത്രത്തിൽ പരസ്യപ്പെടുത്തണമെന്നുമാണ് ചട്ടം.

ഈ ചട്ടപ്രകാരം നേതാക്കൾക്കെതിരായ കേസിന്റെ വിവരങ്ങൾ അടക്കം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് അടക്കം ആകെ മൂന്ന് കേസുകളാണ് ഉള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ കേസുണ്ട്. ബിജെപി അധ്യക്ഷൻ സുരേന്ദ്രനാണ് കേസുകളുടെ കാര്യത്തിൽ സർവ്വകാല റെക്കോർഡിട്ടിരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ളത് 248 കേസുകളാണ്. തനിക്കെതിരെ എത്രകേസുണ്ട് എന്നറിയാത്തതിനാൽ കേസിന്റെ വിവരങ്ങൾ നൽകാതെയായിരുന്നു സുരേന്ദ്രൻ ആദ്യം പത്രിക സമർപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് ഒരു കേസുള്ളത്. സ്വകാര്യ ലാഭത്തിനായി കരാറിലേർപ്പെട്ടെന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമവിരുദ്ധമായി സംഘം ചേർന്നു പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരു കേസ്. മൂന്നാമത്തെ കേസ് ടി.നന്ദകുമാർ എന്നയാൾ ഫയൽ ചെയ്ത പാപ്പർ കേസാണ്.

പുതുപ്പള്ളിയിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാല് കേസുകളാണ് തനിക്കെതിരെ ഉള്ളതെന്നാണ് പത്രികയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സമരങ്ങളുടെ ഭാഗമായുള്ളതാണ് 3 കേസുകൾ; ഒരെണ്ണം സോളർ കേസ് പ്രതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തതും. 2018ൽ ശബരിമല പ്രക്ഷോഭ സമയത്തു നിരോധനാജ്ഞ ലംഘിച്ചതിനും യുഡിഎഫ് സമരത്തിന്റെ ഭാഗമായി ജനകീയ മെട്രോ റെയിൽ യാത്ര നടത്തിയതിനും മലയിൻകീഴിൽ സമരത്തിന്റെ ഭാഗമായി അനധികൃതമായി കൂട്ടംകൂടിയതിനുമാണ് പമ്പ, ആലുവ ഈസ്റ്റ്, മലയിൻകീഴ് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത്.

ഹരിപ്പാട് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ എട്ടുകേസുകളാണുള്ളത്. കേരള പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം മലയിൻകീഴ് (സ്വർണക്കടത്തു കേസിനെതിരായ സമരം), വടക്കാഞ്ചേരി (ലൈഫ് മിഷൻ ഫ്‌ളാറ്റ് ക്രമക്കേടിനെതിരായ സമരം), തിരുവനന്തപുരം മ്യൂസിയം (കെ.കരുണാകരൻ ജന്മദിനാഘോഷം), അമ്പലപ്പുഴ (തോട്ടപ്പള്ളി സമരം) പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ശബരിമല സമരത്തിന്റെ പേരിൽ പമ്പ സ്റ്റേഷനിലും ജനകീയയാത്രയുടെ പേരിൽ ആലുവ ഈസ്റ്റിലും കേസുണ്ട്. സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ 2010ലും 2019ലും തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ഉള്ളത് 248 കേസുകളാണ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ലഹള നടത്തൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 248 കേസുകൾ. ഇതിൽ ഭൂരിപക്ഷവും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടവയാണ്.

സുരേന്ദ്രനെതിരായ കേസുകളിൽ മിക്കവയും ശബരിമല സമരകാലത്ത് എടുത്തവയാണ്. കൊല്ലം ജില്ലയിൽ മാത്രം കെ സുരേന്ദ്രന്റെ പേരിൽ 68 കേസുകളുണ്ട്. തിരുവനന്തപുരം 3, കൊല്ലം 68, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശ്ശൂർ 6, കോഴിക്കോട് 2, മലപ്പുറം 1, വയനാട് 1, കണ്ണൂർ 1, കാസർകോട് 33 എന്നിങ്ങനെയാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ എണ്ണം. മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണ്.

ജില്ലാ വരണാധികാരി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ഒരു പത്രത്തിൽ മൂന്ന് തവണയോ മൂന്ന് പത്രങ്ങളിൽ ഓരോ തവണ വീതമോ സ്ഥാനാർത്ഥികളുടെ പേരിലുള്ള കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് കെ സുരേന്ദ്രന്റെ പേരിൽ 240 കേസുകലായിരുന്നു ഉള്ളത്. അന്ന് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പത്രത്തിന്റെ നാല് മുഴുവൻ പേജുകൾ വേണ്ടിവന്നു. ശരാശരി പ്രചാരമുള്ള പത്രത്തിൽ ഒരു തവണ പരസ്യം നൽകാൻ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. മൂന്ന് തവണ പരസ്യം നൽകാൻ 60 ലക്ഷം രൂപ വേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഒരു സ്ഥാനാർത്ഥിക്ക് നിയമപരമായി ചെലവഴിക്കാനാകുന്നത് 75 ലക്ഷം രൂപയാണ്. അതായത് കണക്കുകൾ പ്രകാരം 15 ലക്ഷം രൂപയേ സുരേന്ദ്രന് പ്രചാരണ ചെലവുകൾക്കായി ഉപയോഗിക്കാനാകൂ.