തിരുവനന്തപുരം: കറുവപ്പട്ടക്ക് പകരം ഉപയോഗിക്കുന്ന വിലകുറഞ്ഞതും മാരക വിഷം അടങ്ങിയതുമായ നിരോധിത ഉൽപ്പന്നം കാസിയ ഇപ്പോഴും വിപണിയിൽ സുലഭമാണെന്ന് വിവരാവകാശരേഖകൾ. 2016 ജൂലൈയിലാണ് കാസിയ ഇന്ത്യയിൽ നിരോധിക്കുന്നത്. കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാസിയ കാരണമാകുമെന്ന് കണ്ടെത്തിയാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനം ഏർപ്പെടുത്തിയത്. ലഖ്നൗ ടോക്സിക്കോളജി റിസർച്ച് സെന്റെർ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും കാസിയയ്ക്കെതിരെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സൂപ്പർമാർക്കറ്റുകളിലും പച്ചമരുന്ന് കടകളിലുംവരെ ഇപ്പോഴും വ്യാജകറുവപ്പട്ടയാണ് വിൽപ്പന നടത്തുന്നത്.

കേരളവും കർണാടകയും സാമ്പിൾ പരിശോധിച്ച് 5% കൊമറൈൻ ഉള്ളതിനാൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്. 0.3% ന് മുകളിൽ കൊമറൈൻ ഉള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പാടില്ലെന്നാണ് നിയമം. ഇന്ത്യൻ കറുകപ്പട്ടയ്ക്കുള്ളിൽ 0.004% മാത്രമാണ് കൊമറൈൻ ഉള്ളത്. എന്നാൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങൾ വഴി വ്യാപകമായി കാസിയ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. ഇവ കൂടാതെ വിശാഖപ്പട്ടണം തുറമുഖം, ജവഹർലാൽ നെഹ്റു തുറമുഖം, അദാനി തുറമുഖം, കൽക്കത്ത തുറമുഖം എന്നിവിടങ്ങളിലൂടെയും കാസിയ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവരാരും കോമറൈൻ പരിശോധിക്കാൻ തയ്യാറായിട്ടില്ല. ഇവ റോഡ് മാർഗം കേരളമടക്കമുള്ള രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തുന്നു.

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ മൗനാനുവാദത്തോടെയാണ് നിരോധിക്കപ്പെട്ട ഉൽപ്പന്നം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതെന്ന ആരോപണം ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയിൽ ഒരു കിലോ കറുകപ്പട്ട ഉൽപ്പാദിപ്പിക്കുന്നതിന് 600 മുതൽ 1500 രൂപ വരെ ചെലവുണ്ട്. എന്നാൽ ഇതിലും പകുതി വിലയ്ക്ക് ഒറിജിനൽ കറുകപ്പട്ട ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യാൻ സാധിക്കും. അതിനും തയ്യാറാകാതെയാണ് തുച്ഛമായ വിലയ്ക്ക്, അതായത് കിലോയ്ക്ക് 170 രൂപ മാത്രം മുടക്കി കാസിയ ഇറക്കുമതി ചെയ്യുന്നത്.

അമേരിക്കയിൽ എലിവിഷമായി നൽകുന്ന കാസിയയാണ് ഇന്ത്യയിൽ കറുവപ്പട്ടയെന്ന വ്യാജേന വിൽക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കാസിയ ദക്ഷിണ അമേരിക്ക, വടക്കൻ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ലോകത്താകമാനം കാസിയ ഉപയോഗം കുറയ്ക്കുമ്പോഴും ഇന്ത്യയിലത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈന,ഇന്തൊനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കാസിയയുടെ 30 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. എന്നിട്ട് കറുകപ്പട്ട എന്ന വ്യാജേന ഇത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നു.

അതിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന സംസ്ഥാനം കേരളമാണ്. കാരണം പകുതിയോളം ആയുർവേദ മരുന്നുകളിൽ കറുകപ്പട്ടയുടെ ആവശ്യമുണ്ട്. അതിലൊക്കെ ഇപ്പോൾ കാസിയയാണ് ഉപയോഗിക്കുന്നത്. ചുരുക്കത്തിൽ ഇറക്കുമതി നിരോധിച്ചിട്ടും കാസിയ എന്ന വിഷപദാർത്ഥം രാജ്യത്ത് യഥേഷ്ടം ഇറക്കുമതി ചെയ്യപ്പെടുകയും വിപണയിലെത്തുകയും ചെയ്യുന്നുവെന്ന് അധികൃതർ തന്നെ അംഗീകരിക്കുന്നു.