കണ്ണൂർ: കാത്തലിക് സിറിയൻ ബാങ്കിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനാ ഐക്യവേദി പ്രക്ഷോഭത്തിലേക്ക്. ഈ മാസം 29 മുതൽ ഒക്ടോബർ ഒന്നുവരെ പണിമുടക്കി അതത് ശാഖകൾക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംയുക്തസമര സമിതി.

പുതുക്കിയ സേവന വേതന വ്യവസ്ഥകൾ പ്രകാരമുള്ള ശമ്പള കുടിശ്ശിക നിഷേധിക്കുകയാണ് മാനേജ്മെന്റ്. രാജ്യത്തൊട്ടാകെയുള്ള 50 ശതമാനം സ്ഥിരംജീവനക്കാരെ ഒഴിവാക്കി പകരം 2600 താൽക്കാലിക ജീവനക്കാരെ നിയമിച്ചു. വിരമിക്കുന്നവരുടെ അവധി വേതനത്തിൽനിന്ന് വൻതുക വെട്ടിക്കുറയ്ക്കുകയാണ്.

ചിന്ന വീര രാജേന്ദ്രൻ എം.ഡിയായതിന് ശേഷമാണ് ഇത്രയധികം തൊഴിലാളിവിരുദ്ധ പ്രവർത്തനങ്ങൾ. ഇതിനെതിരേയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലെ ആറ് ശാഖകളും പണിമുടക്കുന്നത്. ത്രിദിന പണിമുടക്ക് ദിവസങ്ങളിൽ ബാങ്കുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും സമരസമിതി ഭാരവാഹികളായ കെ. അശോകൻ, ടി.ആർ രാജൻ, ജി.വി ശരത്ചന്ദ്രൻ, ബികേഷ് ഉണ്ണിയാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.