പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. പൂജ ചടങ്ങിൽ ആരംഭിച്ച് ലോക്കേഷനിലെ ഓരോ വിശേഷങ്ങളും കോർത്തിണക്കിയതാണ് വീഡിയോ.

ദിലീപും ആസിഫ് അലിയും ലോക്കെഷൻ അതിഥികളിയ എത്തുന്ന രംഗങ്ങളും മേക്കിങ് വീഡിയോയിൽ കാണാം.യൂട്യൂബിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ എത്തിയിരിക്കുന്നത്. പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാലും ലോക്കെഷനിൽ എത്തിയതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംവിധായകൻ അരുൺ ഗോപിയെയും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തെയും മേക്കിങ് വീഡിയോയിൽ കാണാം.

പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്'. ടോമിച്ചൻ മുളകുപാടമാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ നിർമ്മാതാവ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടറായ പീറ്റർ ഹെയ്ൻ തന്നെയാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെയും ആക്ഷൻ ഡയറക്ടർ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹർഷനും നിർവ്വഹിക്കും. പുതുമുഖമായ റേച്ചൽ ആണ് ചിത്രത്തിൽ പ്രണവിന്റെ നായിക.

കലാഭവൻ ഷാജോൺ, മനോജ് കെ. ജയൻ, സുരേഷ് കുമാർ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്.