ചെന്നൈ: തെന്നിന്ത്യൻ താരം ആര്യ വിവാഹവാഗ്ദാനം നൽകി ജർമൻ യുവതിയെ വഞ്ചിച്ചതായി പരാതിയിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ് നാട് ആഭ്യന്തര സെക്രെട്ടറിയോട് പരാതിയിന്മേൽ നടപടി സ്വീകരിച്ചു മറുപടി നൽകുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.ജർമ്മൻ യുവതിയായ വിദ്ജയെ ആണ് ആര്യ എന്ന ജംഷാദ് തനിക്ക് വിവാഹവാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.

ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് വിദ്ജ ആര്യയെ പരിചയപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമകൾ കുറഞ്ഞുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു.

പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു.തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നു. വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. സമാനമായ രീതിയിൽ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി അറിഞ്ഞുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ആര്യയും മാതാവ് ജമീലയും ഭീഷണിപ്പെടുത്തിയെന്നും വിദ്ജ പറയുന്നു. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടത്തി. ശ്രീലങ്കൻ നായയുടെ മകൾ ആണ് നീ , യുദ്ധം കാരണം ഓരോരോ രാജ്യങ്ങളിൽ കുടിയേറുന്നവരാണ് നിങ്ങൾ എന്നൊക്കെ പറഞ്ഞു ആര്യയുടെ അമ്മ ജമീല തന്നെ ആക്ഷേപിക്കാറുണ്ടായിരുന്നു. പരസ്പരം സംസാരിച്ചതിന്റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും തെളിവുകൾ കൈവശമുണ്ടെന്നും ഇവർ പറയുന്നു.

തന്റെ പരാതിയിന്മേൽ പ്രധാന മന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എടുത്ത നടപടിയിൽ വളരെ സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും വിദ്ജ പ്രതികരിച്ചു. ഇതുപോലെ വഞ്ചിതരായ ഒട്ടനേകം പെൺകുട്ടികൾക്ക് ധൈര്യമായി നീതിക്കായി മുന്നോട്ട് വരാൻ പ്രചോദനമാവട്ടെ എന്ന് വിദ്ജ അഭിപ്രായപ്പെട്ടു.

നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ ശ്രമിച്ച ആര്യക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള ആളെ കിട്ടിയില്ലെന്നും ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്ക് വിഷമമാവുമെന്നും പറഞ്ഞ് നടൻ പിന്മാറുകയായിരുന്നു. പിന്നീട് നടി സയേഷയെയാണ് താരം വിവാഹം ചെയ്തത്.