തിരുവനന്തപുരം: സോണി ലൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി പ്രദർശിപ്പിക്കുന്ന ചുരുളി സിനിമ സെൻസർ ചെയ്ത പതിപ്പല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അറിയിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിലെ തെറിപ്രയോഗങ്ങൾ സംബന്ധിച്ച് വ്യാപക ആക്ഷേപങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തുവന്നത്.വിഷയം സംബന്ധിച്ച് വ്യാപക പരാതിയും സി ബി എഫ് സി ക്ക് ലഭിച്ചിരുന്നു.നിലവിൽ ചുരുളിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.എന്നാൽ ഒടിടിയിൽ വന്ന പതിപ്പ് സെൻസർ അല്ലെന്നും ബോർഡ് വ്യക്തമാക്കുന്നു.

പ്രസ്താവനയിൽനിന്ന്:

'ചുരുളി എന്ന മലയാളം ഫീച്ചർ ഫിലിമുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ പ്രസ്തുത സിനിമയുടെ സർട്ടിഫിക്കേഷനെ സംബന്ധിച്ച ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോർട്ടുകളും വ്യാപകമാകുന്നതായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളിലൂടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ സി.ബി.എഫ്.സിയുടെ വസ്തുതാപരമായ നിലപാട് വ്യക്തമാക്കാനാണ് ഈ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുന്നത്.

സിനിമാട്ടോഗ്രാഫ് ആക്റ്റ് 1952, സിനിമാട്ടോഗ്രാഫ് സർട്ടിഫിക്കേഷൻ റൂൾസ് 1983, ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ എന്നിവക്ക് അനുസൃതമായി ചുരുളി എന്ന മലയാളം ഫീച്ചർ ഫിലിമിന് സി.ബി.എസ്.സി സർട്ടിഫിക്കറ്റ് നമ്പർ DtLt3t6tZ021-THt dated 18.11.2021 മുഖേന അനുയോജ്യമായ മാറ്റങ്ങളോടെ 'എ' (Adult - മുതിർന്നവർക്കുള്ള ) സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. സോണി ലൈവ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചുരുളി പ്രസ്തുത സിനിമയുടെ സർട്ടിഫൈഡ് പതിപ്പല്ലെന്ന് അറിയിക്കുന്നു'.

ചുരുളിയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സിനിമ ഒ.ടി.ടി പ്ലാറ്റഫോമിൽനിന്നും അടിയന്തിരമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ ആവശ്യപ്പെട്ടിരുന്നു. സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

നേരത്തെ ചലച്ചിത്രോത്സവങ്ങളിൽ അടക്കം വലിയ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റീ ഷൂട്ട് ചെയ്ത പതിപ്പാണ് ഒ.ടി.ടിയിൽ എത്തിച്ചിട്ടുള്ളത്. കഥാകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.