ന്യൂഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്കയെന്ന് കേന്ദ്രസർക്കാർ. കോവിഡ് വ്യാപനത്തിന് കാരണം കണ്ടെത്താൻ ഈ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ 75 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലാണ്. മൊത്തം ചികിത്സയിലുള്ളവരിൽ 38 ശതമാനം പേർ കേരളത്തിലാണ്. മഹാരാഷ്ട്രയിൽ ഇത് 37 ശതമാനം വരും. കർണാടക 4, തമിഴ്‌നാട് 2.78 എന്നിങ്ങനെയാണ് മറ്റു ശതമാനക്കണക്കുകൾ. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ പഞ്ചാബ്, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായാണ് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം ഉയരുന്നതിനുള്ള കാരണം കണ്ടെത്താൻ ഈ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോവിഡ് വ്യാപനം തടയുന്നതിന് ഈ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവർ ഒന്നരലക്ഷത്തിൽ താഴെയാണ്. മഹാരാഷ്ട്രയിലും കേരളത്തിലും മാത്രം 50,000ലധികം പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.