തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ നവീകരണത്തിനായി കോടിക്കണക്കിന് രൂപ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടും ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാത്തതിനാൽ ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളില്ലാതെ കേരളാ പൊലീസ്. കേന്ദ്രം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ പറയുന്നു.

പൊലീസ് സേനയുടെ നവീകരണത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19 ൽ അനുവദിച്ചത് 17.78 കോടി രൂപ. സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം. 2019-20 ൽ കേന്ദ്രം നൽകിയത് 54.01 കോടി രൂപ. ആ സാമ്പത്തിക വർഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ 2020-2021, 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിനു ലഭിക്കേണ്ട തുക കേന്ദ്രം നൽകിയില്ല. 2014-15 മുതൽ 2021 ഒക്ടോബർ 10 വരെ പൊലീസിന്റെ നവീകരണത്തിന് 143.01 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്.

പൊലീസ് സ്റ്റേഷനുകളുടെ നവീകരണം, പരിശീലന കേന്ദ്രങ്ങൾ, ആധുനിക ആയുധങ്ങൾ, വാഹനങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ, ഫൊറൻസിക് സജ്ജീകരണം തുടങ്ങിയവയ്ക്കാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റ്, തീവ്രവാദ സംഘടനകൾ ശക്തി പ്രാപിക്കുന്നതിനിടയിലും ആധുനികവൽക്കരണത്തിനു കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ചെലവഴിക്കുന്നതിൽ കേരള പൊലീസ് അലംഭാവം കാട്ടുന്നത്. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് വിവരങ്ങൾ ഈ ശേഖരിച്ചത്.

അതേ സമയം കേരള പൊലീസിന് വേണ്ടി ഹെലികോപ്റ്റർ സർവീസ് നടത്താൻ പ്രതിമാസം എൺപത് ലക്ഷം രൂപയാണ് ചെലവിടുന്നത്. ഈ തുകയ്ക്ക് 20 മണിക്കൂർ ആണ് ഹെലികോപ്റ്റർ ഉപയോഗിക്കാവുക. 20 മണിക്കൂറിന് ശേഷം അധികമായി പറക്കുന്ന ഓരോ മണിക്കൂറിന് 90,000 രൂപ അധികമായി നൽകുകയും വേണം.

പൊലീസിന്റെ അടിയന്തരാവശ്യങ്ങൾ നേരിടാൻ എന്ന വ്യക്തമാക്കിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. ഡൽഹിയിലെ പൊതുമേഖല സ്ഥാപനമായിരുന്ന പവൻഹൻസിൽ നിന്നുമായിരുന്നു നേരത്തെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്.

2020 ഏപ്രിൽ മുതൽ പൊലീസിന്റെ ഭാഗമായിരുന്ന ഈ ഹെലികോപ്റ്ററിന് ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു വാടക ഈടാക്കിയത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ നേരത്തെ വാടകക്കെടുത്തത്.

വാടക ഇനത്തിൽ ഈ ഹെലികോപ്ടറിനായി കഴിഞ്ഞ വർഷം ജി.എസ്.ടി ഉൾപ്പെടെ 22 കോടിയിൽ പരം ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നൽകിയത്. കടുത്ത വിമർശനം ഉയർന്നപ്പോഴും വാടകയ്ക്ക് ഹെലികോപ്ടർ എടുക്കാനുള്ള തീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. എന്നാൽ കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്ര ഫണ്ട് ലഭ്യമായിട്ടും അവ വിനിയോഗിക്കുന്നതിൽ അലംഭാവം കാണിച്ചതാണ് നിലവിലെ സ്ഥിതിക്ക് കാരണം.

ആധുനിക സുരക്ഷ ഉപകരണങ്ങൾ അടക്കം സേനയ്ക്ക് ലഭ്യമാക്കേണ്ട അധികൃതർ കാട്ടുന്ന അലംഭാവമാണ് കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അടക്കമുള്ള സാഹചര്യങ്ങളിലേക്ക് സേന അംഗങ്ങളെ എത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന പൊലീസ് സേന ഒട്ടും സുരക്ഷിതരല്ല എന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു.

ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാർ നേരിടേണ്ടി വരുന്ന കടുത്ത ദുരിതമായ തൊഴിൽസാഹചര്യങ്ങളെന്ന് സർവ്വേയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പൊലീസിങ്ങിനെക്കുറിച്ച് നടന്ന പഠനത്തിന്റെ ഭാഗമായിരുന്നു സർവ്വേയും. സി.സി.ഡി.എസ് (സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്), കോമൺ കോസ്, ലിംഗനീതി, റ്റാറ്റാ ട്രസ്റ്റ്‌സ്, ലാൽ ഫാമിലി ഫൗണ്ടേഷൻ എന്നിവയാണ് വിവരശേഖരണം നടത്തിയത്. പൊലീസുകാരുടെ പ്രവർത്തനസ്ഥിതി, കുറഞ്ഞ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും, കുറ്റാന്വേഷണം, വൈവിധ്യം, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, പൊലീസ് അതിക്രമങ്ങൾ എന്നീ വിഷയങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.

ആകെ അനുവദിക്കപ്പെട്ട തസ്തികകളുടെ 77 ശതമാനം മാത്രമാണ് പൊലീസിന്റെ ശേഷി. സാധാരണ പൊലീസുകാരുടേതിനേക്കാൾ സീനിയർ റാങ്കുകളിലാണ് ഒഴിവുകൾ കൂടുതൽ. ബംഗാളിലും ബീഹാറിലും മാത്രമാണ് പത്മനാഭയ്യ കമ്മിറ്റി ശുപാർശകൾ പ്രകാരം സീനിയർ ഉദ്യോഗസ്ഥരും സാധാരണ പൊലീസുകാരും തമ്മിലുള്ള അനുപാതം പാലിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം വലിയ വ്യത്യാസമാണുള്ളത്. നാല് കോൺസ്റ്റബിൾമാർക്ക് ഒരു ഓഫീസർ എന്ന അനുപാതം നടപ്പാക്കണം എന്നായിരുന്നു പത്മനാഭയ്യ കമ്മിറ്റിയുടെ ശുപാർശ.

സൈബർ കുറ്റങ്ങൾ, സാമ്പത്തിക തട്ടിപ്പ്, ഭീകരപ്രവർത്തനവും തീവ്രവാദവും എന്നിവയാണ് പൊലീസിനു നേരിടേണ്ടി വരുന്ന പുതിയ ഭീഷണികൾ. സ്വാധീനമുള്ളവർക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസിനു രാഷ്ട്രീയ സമ്മർദ്ദം നേരിടേണ്ടിവരുന്നു എന്നു തന്നെയാണ് കണ്ടെത്തൽ. അത്തരം സമ്മർദ്ദങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ തോന്നുന്നതുപോലെ സ്ഥലം മാറ്റുന്നതാണ് അടിയന്തര പ്രതികരണം. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കുൾപ്പെടെ അങ്ങനെ അടിക്കടി സ്ഥലം മാറ്റം അഭിമുഖീകരിക്കേണ്ടിവന്നതിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായിത്തന്നെ ലഭ്യവുമാണ്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, പൊലീസിനെ കൂടുതൽ പരിഷ്‌കൃതവും ജനാധിപത്യപരവും മാനവികവുമാക്കുക എന്ന സുപ്രധാന ഉത്തരവാദിത്വങ്ങൾ ഭരിക്കുന്നവർ ശരിയായി നിർവ്വഹിക്കുന്നില്ല എന്ന വിമർശനവുമുണ്ട്.