ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണയ്ക്കുയും സർക്കാരിനെതിരെ വിമർശം ഉന്നയിക്കുകയും ചെയ്യുന്ന പ്രമുഖരുടെ അക്കൗണ്ടുകൾ ട്വിറ്റർ സസ്‌പെന്റ് ചെയ്തത് കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം. കർഷക സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ, സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ വിവരങ്ങളടങ്ങിയ പട്ടിക സർക്കാർ ട്വിറ്ററിന് കൈമാറിയതിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ട്. 'കർഷകരെ കൂട്ടക്കൊല ചെയ്യാൻ മോദിക്ക് പദ്ധതി' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ഓളം അക്കൗണ്ടുകൾ ട്വിറ്റർ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. നിയമപരമായ അഭ്യർത്ഥനകളെ തുടർന്ന് ഇന്ത്യയിൽ ഈ അക്കൗണ്ട് തടഞ്ഞിരിക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ തുറക്കുമ്പോൾ കാണിക്കുന്നത്.

പ്രസാർ ഭാരതി സിഇഒ സശി ശേഖർ ഉൾപ്പെടെയുള്ള 250 അക്കൗണ്ടുകളാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. 'മോദി പ്ലാനിങ് ഫാർമർ ജെനോസൈഡ്' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകൾ സസ്‌പെന്റ് ചെയ്യാനാണ് ട്വിറ്ററിന് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും നിർദ്ദേശ പ്രകാരമാണ് ഐടി മന്ത്രാലയം നടപടി സ്വീകരിച്ചത്.

പ്രസാർ ഭാരതി സിഇഒ ശശി ശേഖർ, മാധ്യമ സ്ഥാപനമായ കാരവൻ മാഗസിൻ, സിപിഎം നേതാവ് മുഹമ്മദ് സലിം, സാമൂഹ്യ പ്രവർത്തരകരായ ഹൻസ്‌രാജ് മീണ,എം ഡി ആസിഫ് ഖാൻ എന്നിവരുടേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകളാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കിസാൻ ഏകത മോർച്ചയുടെ അക്കൗണ്ടും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നിയമപ്രകാരമുള്ള ആവശ്യത്തെത്തുടർന്നാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത് എന്നാണ് ട്വിറ്റർ വിശദീകരണം നൽകിയിരിക്കുന്നത്.

കേന്ദ്ര സർക്കാർ ട്വിറ്ററിന് നോട്ടീസയച്ചതിന് പിന്നാലെ കിസാൻ ഏക്താ മോർച്ച, ദി കാരവൻ എന്നിവയുടേതടക്കം നിരവധി ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു. വ്യാജവും പ്രകോപനം സൃഷ്ടിക്കുന്നതുമായ ട്വീറ്റുകൾ ചെയ്യുന്ന അക്കൗണ്ടുകൾക്കെതിരെയുള്ള നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും അഭ്യർത്ഥനയെ തുടർന്നാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് ദി കാരവൻ മാഗസിന്റെ എഡിറ്റർക്കെതിരെ ഡൽഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാരവന്റെ ട്വിറ്റർ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരിക്കുന്നത്.