മുംബൈ: ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിൽ തുടരുന്ന സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശിവസേന മുഖപത്രം. കേന്ദ്ര സർക്കാരിന് ട്വിറ്ററിനെ ഭയമാണെന്നും അത് അവർക്കൊരു തലവേദനയായി മാറിയെന്നും സാമ്‌നയിൽ എഴുതിയ കുറിപ്പിൽ ശിവസേന അഭിപ്രായപ്പെട്ടു. ട്വിറ്ററിനെ എറിഞ്ഞുകളയാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും സാമ്‌ന കുറ്റപ്പെടുത്തി.

നേരത്തെ ബിജെപിയുടെ ഹൃദയ സൂക്ഷിപ്പുകാരായിരുന്നു ട്വിറ്റർ. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത്. ഇപ്പോഴാണ് അവർക്ക് ട്വിറ്റർ ബാധ്യതയായി മാറിയത്. ആ ബാധ്യത ഒഴിവാക്കണോ എന്ന് ആലോചിക്കുന്ന ഘട്ടത്തിലാണ് ട്വിറ്റർ ഇപ്പോഴുള്ളത്. ഇന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളും ട്വിറ്ററിനെപ്പോലുള്ളവ ഒഴിച്ച് മോദിയുടെ നിയന്ത്രണത്തിലാണ്- എഡിറ്റോറിയലിൽ സൂചിപ്പിക്കുന്നു. 2014ല തിരഞ്ഞെടുപ്പ് കാലത്ത് പ്രതിച്ഛായാ നിർമ്മിതിക്കും തകർക്കുന്നതിനും സാമൂഹികമാധ്യമങ്ങൾ വലിയ തോതിൽ ഉപയോഗപ്പെടുത്തിയിരുന്നു. ഭരിക്കുന്ന പാർട്ടികൾ സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ചളിവാരിയെറിയുന്ന പണി തുടരുകയാണ്. ബിജെപിക്കല്ലാതെ മറ്റാർക്കും ഈ പണി അധികം അറിയില്ല. 2014ൽ ബിജെപി ഈ പണിയിൽ വൈദഗ്ധ്യം നേടി. ആ സമയത്ത് ബിജെപിയുടെ വക്താക്കൾ സമൂഹത്തിനുള്ളിൽ പ്രവർത്തിക്കുന്നതിനേക്കാൾ ഓൺലൈൻ പ്രചാരണത്തിലായിരന്നു ശ്രദ്ധിച്ചിരുന്നതെന്നും എഡിറ്റോറിയൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും ദിവസമായി ഉപരാഷ്ട്രപതി അടക്കം ബിജെപിനേതാക്കളുടെ അക്കൗണ്ടുകളിൽ നിന്ന് ട്വിറ്റർ നീല ടാഗ് പിൻവലിച്ചിരുന്നു. ഇത് വലിയ വിവാദമായി. ദീർഘകാലമായി നിർജീവമായതിനാലാണ് ഇതെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ബിജെപിയും ട്വിറ്ററും തമ്മിലുള്ള മൽസരത്തിന് ഇത് കാരണമായി. സാമൂഹികമധ്യമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഐടി നയത്തിനനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ ട്വിറ്ററിന് കത്തയച്ചിരുന്നു.

ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയാണ് ആദ്യം രംഗത്തെത്തിയത്. ജനം വാക്‌സിൻ കിട്ടാതെ വലയുമ്പോൾ കേന്ദ്രസർക്കാർ ബ്ലൂടിക്കിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം. വാക്സിൻ ലഭിക്കണമെങ്കിൽ ഓരോരുത്തരും സ്വയംപര്യാപ്തർ (ആത്മനിർഭർ) ആകേണ്ട ആവസ്ഥയാണുള്ളതെന്നും രാഹുൽ പരിഹസിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള ആർ.എസ്.എസ്. നേതാക്കളുടെയും വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക് ട്വിറ്റർ ശനിയാഴ്ച നീക്കിയിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. ആറുമാസമായി അപൂർണമോ നിഷ്‌ക്രിയമോ ആയിരിക്കുന്ന അക്കൗണ്ടുകളിലെ ബ്ലൂ ടിക് സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നും അതാണ് കമ്പനിയുടെ നയമെന്നും ട്വിറ്റർ വിശദീകരിച്ചു. പ്രമുഖ വ്യക്തികളുടെ ആധികാരികവും ശ്രദ്ധേയവും സക്രിയവുമായ അക്കൗണ്ടുകൾക്കാണ് സമൂഹികമാധ്യമങ്ങൾ ബ്ലൂ ബാഡ്ജ് നൽകുന്നത്.

അതിനിടെ, ഇന്ത്യ ആസ്ഥാനമായി ഓഫീസർമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ, ബാധ്യതകളിൽനിന്നൊഴിയാൻ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്ന് ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിട്ടുണ്ട്.