ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ മദ്രാസ് ഐഐടി മുന്നിൽ. ബംഗളൂരു ഐഐഎസ്സിയാണ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ബോംബെ ഐഐടിക്കാണ് മൂന്നാം റാങ്ക്.

മികച്ച പത്ത് എൻജിനിയറിങ് കോളജുകളുടെ പട്ടികയിൽ എട്ട് ഐഐടികളും രണ്ട് എൻഐടികളും ഇടം പിടിച്ചു. ഡൽഹി മിറാൻഡ ഹൗസ് ആണ് മികച്ച കോളജ്. ഡൽഹിയിലെ തന്നെ ലേഡി ശ്രീറാം കോളജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാമതും എത്തി.

ഡൽഹി എയിംസ് ആണ് രാജ്യത്തെ മികച്ച മെഡിക്കൽ കോളജ്. ചണ്ഡിഗഢ് പിജിഐഎംഇആർ രണ്ടാം റാങ്കും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് മൂന്നാം റാങ്കും നേടി.

ബംഗളൂരു ഐഐഎസ്സിയാണ് മികച്ച ഗവേഷണ സ്ഥാപനം. മദ്രാസ് ഐഐടിക്കാണ് ഈ വിഭാഗത്തിൽ രണ്ടാം റാങ്ക്. ബോംബെ ഐഐടി മൂന്നാമത് എത്തി.

മികച്ച മാനേജ്മെന്റ് കോളജ് ആയി ഐഐഎം അഹമ്മദാബാദിനെ തെരഞ്ഞെടുത്തു. ജാമിയ ഹംദർദ് ആണ് ഫാർമസി പഠനത്തിൽ മുന്നിൽ.