ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും എൻസിഡിസി മേധാവിയും മന്ത്രിക്കൊപ്പമുണ്ടാകും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് സന്ദർശനം. കേന്ദ്രമന്ത്രിക്കൊപ്പം എൻ.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.

രാജ്യത്ത് നിലവിൽ ടി.പി.ആർ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതുകൊണ്ടുമാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി നേരിട്ട് സംസ്ഥാനം സന്ദർശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

കേരളത്തിലെത്തുന്ന തൊട്ട് അടുത്ത ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി അസമും സന്ദർശിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ഒരു രൂപരേഖയും കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്നും സൂചന. സംസ്ഥാനം ദീർഘനാളായി വാക്സിൻ ക്വാട്ട വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈക്കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായേക്കും.

ഓണക്കാലവും ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തിൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ വൻതോതിൽ കൂടുമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയടക്കമുള്ളവർ സന്ദർശനത്തിനായി കേരളത്തിലേക്ക് എത്തുന്നത്. ഇന്ന്, 20452 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 14.35 ശതമാനമാണ്.

കേന്ദ്രമന്ത്രി കോവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്. ആദ്യസന്ദർശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച 20452 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 14.35 ശതമാനമാണ്. രാജ്യത്തെ ഏറ്റവുമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കേരളത്തിലാണ്.