ന്യൂഡൽഹി: ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണ്. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. പല ജില്ലകളിലും വാക്സിൻ തീർന്നു കഴിഞ്ഞു. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാദവ്യ ഉറപ്പ് നൽകിയെന്ന് ഇടത് എംപിമാർ അറിയിച്ചു.

വളരെ മികച്ച രീതിയിൽ കോവിഡ് വാക്സിനേഷൻ യജ്ഞം നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമ്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണയും നൽകുന്ന കാര്യവും പരിഗണിക്കാമെന്നും മന്ത്രി എംപിമാരെ അറിയിച്ചു. ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ഡോക്ടർ വി ശിവദാസൻ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എ എം ആരിഫ്, എം വി ശ്രേയാംസ് കുമാർ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.

കോവിഡ് നിയന്ത്രണത്തിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമാണ് കേരളം. രാജ്യത്തുതന്നെ ഏറ്റവും മികച്ച രീതിയിൽ കോവിഡ് വാക്സിനേഷൻ നടക്കുന്നതും കേരളത്തിലാണ്. എല്ലാവർക്കും വാക്സിനേഷൻ നൽകുക എന്നതാണ് സംസ്ഥാനത്തിന്റെ നയം. നിലവിൽ 54.42% (1.30 കോടി) ആളുകൾക്ക് ആദ്യ ഡോസും 23% (56 ലക്ഷം) പേർക്ക് രണ്ടാമത്തെ ഡോസും നൽകി. 18 നും 45 നും ഇടയിൽ പ്രായമുള്ള 18 ലക്ഷം ആളുകൾക്കും, 45 വയസിന് മുകളിലുള്ള 75% ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി. 45 വയസിനു മുകളിലുള്ള കേരളത്തിലെ 35% പേർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചു. ഈ മാസം 18 മുതൽ 24 വരെ ഒരാഴ്ചയ്ക്കുള്ളിൽ 18 ലക്ഷത്തോളം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച (ജൂൺ 23, 2021) സംസ്ഥാനത്തൊട്ടാകെ 4.88 ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകി. ഇതോടെ പ്രതിദിനം നാലര ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകാമെന്ന് സംസ്ഥാനം തെളിയിച്ചു.

കേന്ദ്രത്തിൽ നിന്ന് ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നില്ല എന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതുവരെ സംസ്ഥാനത്ത് 1,79,03,860 ഡോസ് വാക്സിനുകൾ ലഭിച്ചു. ഇതിൽ ഒരു തുള്ളി പോലും വാക്സിൻ സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച വാക്സിൻ ഡോസുകളിൽ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്. എന്നാൽ ഒരു ദിവസത്തെ കുത്തിവെപ്പിനുപോലും നിലവിൽ വാക്സിനുകൾ സ്റ്റോക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് 2021 ജൂലൈ എട്ടിന് സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘത്തോട് 90 ലക്ഷം വാക്സിൻ ഡോസുകൾ കൂടി അടിയന്തിരമായി ലഭ്യമാക്കാൻ സംസ്ഥാനം അഭ്യർത്ഥിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽ കണ്ട് കേരളത്തിന് അധിക ഡോസ് വാക്സിനുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, കേരളം ആവശ്യപ്പെട്ട വാക്സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവും സമർപ്പിച്ചെന്ന് ഇടത് എംപിമാർ അറിയിച്ചു.