ന്യൂഡൽഹി: പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. നിലവിൽ 60 ദിവസത്തിനകം പരാതികൾ തീർപ്പാക്കണമെന്നാണ് നിർദ്ദേശം. ഇത് 45 ദിവസമായി വെട്ടിച്ചുരുക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പാർലമെന്ററി സമിതിയുടെ നിർദേശപ്രകാരമാണ് നടപടി.

2020ൽ 22 ലക്ഷം പരാതികളാണ് കേന്ദ്രസർക്കാരിന് ലഭിച്ചത്. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴിയാണ് പരാതികൾ സ്വീകരിക്കുന്നത്. ഇതിന് പ്രത്യേകം പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 12 ലക്ഷം പരാതികൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. പരാതി ലഭിച്ച് ഉടൻ തന്നെ പരിഹാരം കാണാനാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട പരാതികൾക്ക് മുൻഗണന നൽകി മൂന്നു ദിവസത്തിനകം തീർപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

നിലവിൽ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം അതിവേഗത്തിലാണ് പരാതികൾ തീർപ്പാക്കുന്നത്. 87 ശതമാനം മന്ത്രാലയങ്ങളും വകുപ്പുകളും 45 ദിവസത്തിനകം പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.