ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതി സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ച് ഭവന-നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ് പുരി. സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ കുപ്രചാരണങ്ങൾ നടന്നു. ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടവും ഇല്ലാതാകില്ലെന്ന് ഹർദീപ് സിങ് ചൂണ്ടിക്കാണിച്ചു.

പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ ഹർദീപ് സിങ് പുരി അഭിപ്രായപ്രകടന സമയത്ത് മാന്യത പാലിക്കണെമെന്നും ഉപദേശിച്ചു. ആരോഗ്യമേഖലയ്ക്കുള്ള ചെലവും സെൻട്രൽ വിസ്ത പദ്ധതിക്കായി ചെലവഴിക്കുന്ന പണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'സെൻട്രൽ വിസ്ത പദ്ധതിയെ വിമർശിക്കുന്ന ചിലർ മാന്യതയുടെ പരിധി പരിഗണിക്കണം. പദ്ധതിയെക്കുറിച്ച് തികച്ചും നിയമാനുസൃതമായ ഒരു പുസ്തകമുണ്ട്. 2022 ൽ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ രാജ്യം 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ഒരു പുതിയ പാർലമെന്റ് ആവശ്യമാണ്, കാരണം നിലവിലുള്ളത് ഭൂകമ്പ മേഖല 4 ലാണ്. ' - ഹർദീപ് സിങ് പുരി പറഞ്ഞു.

പ്രതിപക്ഷം ഈ പദ്ധതിയെ ധൂർത്തെന്ന് വിളിച്ചു. 2008 മുതൽ തന്നെ പുതിയ പാർലമെന്റ് നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പദ്ധതി തുടങ്ങാനുള്ള തീരുമാനം കൊവിഡിന് മുൻപ് തന്നെ എടുത്തിരുന്നതാണെന്നും ഹർദീപ് സിങ് പറഞ്ഞു.

സെൻട്രൽ വിസ്തയെക്കുറിച്ചുള്ള വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്ന് ഇതിന് മുമ്പും ഇദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥന നടത്തിയിരുന്നു. സെൻട്രൽ വിസ്റ്റ അവന്യൂവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളിലും കള്ളക്കഥകളിലും വിശ്വസിക്കരുത്. ഞാവൽ മരങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. മുഴുവൻ പദ്ധതിക്കിടെ കുറച്ച് മരങ്ങൾ മാത്രമേ പറിച്ച് നടുകയുള്ളൂ. മൊത്തത്തിൽ പച്ച കൊണ്ടുള്ള ആവരണം വർദ്ധിക്കും. വിളക്ക് കാലുകൾ പോലുള്ള പൈതൃക ചിഹ്നങ്ങൾ പുനഃസ്ഥാപിക്കും എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

നേരത്തെ, സെൻട്രൽ വിസ്ത നിർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഹർജിക്കാർക്ക് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. പരാതിക്കാർ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നവർ താമസിക്കുന്നത് നിർമ്മാണം നടക്കുന്ന ഇടത്തുതന്നെയാണ്. അതിനാൽ കോവിഡ് വ്യാപനം ഉണ്ടാകില്ല. ഡൽഹി ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. പദ്ധതി ദേശീയ പ്രധാന്യമുള്ള നിർമ്മാണ പ്രവർത്തനമാണെന്നും 2021 നവംബർ 21ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.