ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടിവിന് പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടു വർഷത്തേക്കു കൂടി നീട്ടാവുന്നതാണെന്ന് കേന്ദ്ര സർക്കാരും ആർബിഐയും സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലത്തെ തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥ 23 ശതമാനം മുരടിപ്പു നേരിട്ടതായി സോളിസിറ്റർ ജനറൽ പറഞ്ഞു. കടുത്ത പ്രയാസം നേരിടുന്ന മേഖലകൾക്കായി സർക്കാർ ഇതിനകം തന്നെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൊറട്ടോറിയം കാലാവധി രണ്ടു വർഷം വരെ നീട്ടാവുന്നതാണെന്നെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു.

മൊറട്ടോറിയം കാലത്ത് നീട്ടിവയ്ക്കുന്ന തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച് നാളെ വാദം കേൾക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. പിഴപ്പലിശ ഈടാക്കുന്നതിന് എതിരെ ബെഞ്ച് നേരത്തെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മൊറട്ടോറിയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ് പിഴപ്പലിശ ഈടാക്കുന്നതിലൂടെ സംഭവിക്കുന്നത് എന്നായാരിന്നു കോടതി പരാമർശം.