ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരിൽ നിന്ന് 10,000 അർദ്ധസൈനികരെ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ശേഷം അധികമായി സൈനികരെ ഇവിടെ വിന്യസിച്ചിരുന്നു. അതിന് ശേഷമുള്ള ഏറ്റവും വലിയ സൈനികപിന്മാറ്റമാണ് ഇത്. കേന്ദ്ര സായുധസേനയുടെ വിന്യാസത്തെ കുറിച്ച് അവലോകനം ചെയ്ത ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാനം എടുത്ത്.

10 സിഎപിഎഫ് കമ്പനികളെ കേന്ദ്രഭരണപ്രദേശത്ത് നിന്നും മെയിൽ പിൻവലിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇത്തരം 72 യൂണിറ്റുകളെയും പിൻവലിച്ചു. 100 സിഎപിഎഫ് കമ്പനികളെയാണ് ഉടനടി ബേസ് ലൊക്കേഷനിലേക്ക് മാറ്റിയത്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ മൊത്തം 40 കമ്പനികളെയു, കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെയും, ബിഎസ്എഫിലെയും സശസ്ത്ര സീമ ബലിലെയും 20 വീതം കമ്പനികളെ ഈയാഴ്ച കശ്മീരിൽ നിന്ന് പിൻവലിക്കും.

ഡൽഹിയിലേക്കും മറ്റുപ്രദേശങ്ങളിലേക്കും കമ്പനികളെ എയർലിഫ്റ്റ് ചെയ്യാൻ സിആർപിഎഫിന് നിർദ്ദേശം കിട്ടി. ഒരുസിഎപിഎഫ് കമ്പനിയിൽ 100 സൈനികരാണ് ഉണ്ടാവുക. തീവ്രവാദ വിരുദ്ധ സംവിധാനം കശ്മീരിൽ ശക്തമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുനർവിന്യാസം. പിൻവലിക്കുന്ന 100 കമ്പനികൾക്ക് ആവശ്യത്തിന് വിശ്രമവും തുടർപരിശീലനവും നല്കും. തണുപ്പുകാലം അടുത്തതോടെ താല്ക്കാലിക ടെന്റുകളിലും മറ്റും യൂണിറ്റുകളെ പാർപ്പിക്കുന്നത് ശ്രമകരമാകുമെന്ന് കണക്കുകൂട്ടിയാണ് പിന്മാറ്റം. ഏറ്റവും വലിയ സൈനിക പുൻവിന്യാസത്തിന് ശേഷം ഇനി താഴ് വരയിൽ സിആർപിഎഫിന് 60 ബറ്റാലിയനുകളാകും ഉണ്ടാവുക. ഓരോ ബറ്റാലിയനിലും 100 സൈനികർ വീതമാണ് ഉള്ളത്.

പ്രത്യേക പദവി റദ്ദാക്കിയിട്ട് ഒരുവർഷം പിന്നിടുമ്പോൾ

പ്രത്യേക പദവി എടുത്തുമാറ്റി ജമ്മുകശ്മീർ ജമ്മുവും കശ്മീരും ലഡാക്കുമായി മാറിയിട്ട് ഓഗസ്റ്റ് അഞ്ചിന് ഒരു വർഷം തികഞ്ഞിരുന്നു. ഭരണഘടനയിലെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും, ജമ്മുകശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാർക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തീരുമാനിച്ചത് ഓഗസ്റ്റ് അഞ്ചിനാണ്.

ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപപ്പെട്ടു. പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിലേതിനു സമാനമായി ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി. മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങൾക്കു സമാനമായി കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിൽ ലഡാക്കും.

ഉൾപ്പെടെ ഉള്ള നേതാക്കൾ തടങ്കലിൽ തന്നെയാണ്. ഇന്റർനെറ്റ് ഫോൺ സൗകര്യങ്ങൾ ഇതുവരെ കൃത്യമായി ലഭിക്കുന്നില്ല. 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടില്ല. വാണിജ്യ മേഖലയിൽ 40,000 കോടിയിലധികമാണ് നഷ്ടം ഉണ്ടായത്. 170ൽ അധികം കേന്ദ്ര നിയമങ്ങൾ പ്രത്യേകപദവി നഷ്ടമായ കശ്മീരിൽ നടപ്പാക്കികഴിഞ്ഞു. ഒക്ടോബറിൽ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കശ്മീർ മാറി. ജമ്മു കശ്മീരിൽ പുതിയ തീരുമാനം വരുത്തിയ മാറ്റങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് കാർഡാണ് ഭരണകൂടം കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട 36 നേട്ടങ്ങളാണ് അവകാശപ്പെടുന്നത്.