ന്യൂഡൽഹി: രാജ്യത്ത് ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പത്തുലക്ഷം കോടി രൂപ മുതൽമുടക്കുള്ള പദ്ധതിക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ചെന്നൈ-മൈസൂർ(435 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

കോവിഡ് വ്യാപനത്തെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽകൂടി അതിവേഗ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കിയാൽമാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയിൽവെ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നുമാസം മുതൽ ആറുമാസംവരെയെടുത്തേക്കാം.