ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ പുറത്തുവിട്ട ഹ്രസ്വ വീഡിയോയിലാണ് രാഹുലിന്റെ വിമർശനം. കോവിഡ് പ്രതിസന്ധി 21 ദിവസം കൊണ്ട് ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇല്ലാതായത് ചെറുകിട ബിസിനസ്സുകളും കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗങ്ങളുമാണെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി.

കോവിഡിനെ നിയന്ത്രിക്കുന്നതിനായി ഒരു ആസൂത്രണവുമില്ലാതെ ലോക്ക്ഡൗൺ ഏർപ്പെടുത്തി അസംഘടിത മേഖയെ സർക്കാർ പൂർണ്ണമായും നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ഒരു അറിയിപ്പുമില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലൂടെ നിങ്ങൾ (മോദി) ജനങ്ങളെ അക്രമിച്ചു. വൈറസിനെതിരായ പോരാട്ടം 21 ദിവസം നീണ്ടുനിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 21 ദിവസത്തിനുള്ളിൽ പ്രതിസന്ധി അവസാനിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. പകരം കോടിക്കണക്കിന് തൊഴിലുകൾ ഇല്ലാതായി. ചെറുകിട സംരഭങ്ങൾ നശിപ്പിക്കപ്പെട്ടു. അസംഘടിത മേഖലയുടെ നട്ടെല്ലൊടിഞ്ഞു.' രാഹുൽ പറഞ്ഞു.

നോട്ട് നിരോധനം, ജിഎസ്ടി തെറ്റായി നടപ്പാക്കൽ എന്നിവക്ക് ശേഷം അസംഘടിത മേഖലക്കുള്ള മൂന്നാമത്തെ തിരിച്ചടിയാണ് ലോക്ക്ഡൗൺ. ലോക്ക്ഡൗൺ നമ്മുടെ യുവാക്കളുടെ ഭാവിക്കും വ്യാപാരികൾക്കും കൃഷിക്കാർക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് നേരിട്ട് പണം കൈമാറണമെന്നുള്ള കോൺഗ്രസിന്റെ നിർദ്ദേശം കേന്ദ്രം ചെവികൊടുക്കുന്നില്ല. ഇരുപതോളം അതിസമ്പന്നരുടെ നികുതി സർക്കാർ എഴുതിത്ത്തള്ളുകയും ചെയ്‌തെന്നും രാഹുൽ ഗാന്ധി പറഞ്ഞു.