ന്യൂഡൽഹി: കോവിഡ് കാലത്ത് ഓക്സിജൻ ലഭിക്കാത്തതിനെതുടർന്ന് എത്രപേർ മരിച്ചുവെന്ന കണക്ക് വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കണക്കുകൾ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ മന്ത്രാലയം കത്തയച്ചു. കോവിഡ് കാലയളവിൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് പാർലമെന്റിൽ ഉയരുന്നതെന്നും അവയ്ക്ക് മറുപടി നൽകാനാണ് കണക്കുകൾ എന്നുമാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം.

ഓഗസ്റ്റ് 13ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് കണക്കുകൾ നൽകണമെന്നാണ് നിർദ്ദേശം. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച വേളയിൽ ഓക്സിജൻ കിട്ടാതെയുള്ള രോഗികളുടെ മരണ നിരക്ക് ഉയരുന്നുവെന്നത് വലിയ വിവാദമായിരുന്നു.രാജ്യസഭയിൽ ഇത് സംബന്ധിച്ച ചോദ്യം കോൺഗ്രസ് എംപി. കെ.സി വേണുഗോപാൽ ഉന്നയിച്ചപ്പോൾ ഓക്സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന ഉത്തരമാണ് ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പ്രവീൺ പവാർ നൽകിയത്.

എന്നാൽ സംസ്ഥാനങ്ങൾ കണക്ക് ഒന്നും നൽകാത്തതിനാലാണ് അത്തരമൊരു ഉത്തരം നൽകിയതെന്നുമാണ് മന്ത്രി വിശദീകരിച്ചത്.ഈ പ്രശ്‌നം പരിഹരിക്കാനാണ് കണക്കുകൾ ആവശ്യപ്പെടുന്നത്.അതേസമയം ഡൽഹിയിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും ഓക്സിജൻ കിട്ടാതെ നിരവധിപേർ മരിച്ചിട്ടുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ നേരത്തെ പറഞ്ഞിരുന്നു.

രണ്ടാം തരംഗം ആഞ്ഞടിച്ച വേളയിൽ ഈ വിഷയം ഉന്നയിച്ച് ആശുപത്രികൾ കോടതിയെ സമീപിച്ചിരുന്നു. മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും അതുകൊണ്ട് തന്നെ ഓക്സിജൻ കിട്ടാതെ ആരും മരിച്ചില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.