ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന ഡിജിലോക്കർ സേവനം ഇനി വാട്ട്സ്ആപ്പിലും. 'മൈ ഗവ് ഹെൽപ്ഡെസ്‌ക്' നമ്പറായ 9013151515ൽ ബന്ധപ്പെട്ടാൽ ഈ സേവനം ലഭ്യമാവും.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ വിവിധരേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015ൽ കേന്ദ്രസർക്കാർ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കർ. കോവിഡ് പ്രതിസന്ധിയിൽ രോഗസംബന്ധമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനും വാക്സിനേഷന് ബുക്കുചെയ്യാനും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുമായി ആരംഭിച്ചതാണ് 'മൈ ഗവ് ഹെൽപ് ഡെസ്‌ക്. ഇതിലൂടെയാണ് ഡിജിലോക്കർ സേവനം വാട്സാപ്പിൽ ലഭ്യമാക്കുക.

പുതിയ ഡിജിലോക്കർ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടിൽ സൂക്ഷിച്ച പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പത്ത്12 ക്ലാസുകളിലെ പാസ് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി വിവരങ്ങൾ എന്നീ രേഖകൾ ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാനും പുതിയ സംവിധാനത്തിൽ സൗകര്യമൊരുക്കും.