പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കിൻഫ്രയിൽ പ്രവർത്തിക്കുന്ന സിഎഫ്എൽടിസിയിലെ മലിനജലം ഒഴുകുന്നത് പൊതുസ്ഥലത്തേയ്ക്ക്. സെപ്ടിക്ക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പൊതുനിരത്തിലേയ്ക്കും ആറ്റിലേയ്ക്കുമായാണ് ഒഴുകുന്നത്. കോവിഡ് ചികിൽസാകേന്ദ്രത്തിലെ ബാത്ത് റൂം മാലിന്യങ്ങളും മെഡിക്കൽ മാലിന്യങ്ങളും പുറത്തേയ്ക്ക് ഒഴുകുന്നത് വലിയതോതിലുള്ള കോവിഡ് വ്യാപനത്തിന് ഇടയാക്കുമോ എന്ന പരിഭ്രാന്തിയിലാണ് സമീപവാസികളും കിൻഫ്രയിലെ മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും. അശ്രദ്ധമായും അശാസ്ത്രീയമായും കോവിഡ് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സിഎഫ്എൽടിസിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. ഇതിനെതിരെ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വ്യവസായികൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കിൻഫ്ര വിടാനൊരുങ്ങുകയാണ് അവിടത്തെ വ്യവസായികൾ.

പാലക്കാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ സിഎഫ്എൽടിസിയാണ് കിൻഫ്രയിലേത്. കോവിഡ് ഒന്നാംതരംഗസമയത്ത് തന്നെ കിൻഫ്രയിലെ ബഹുനിലക്കെട്ടിടത്തെ പൂർണമായും ആരോഗ്യവകുപ്പ് സിഎഫ്എൽടിസിയാക്കി മാറ്റിയിരുന്നു. 1000 പേർക്കാണ് ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നത്. എന്നാൽ ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള ബാത്ത്റൂം സൗകര്യം അവിടെയില്ലെന്ന പരാതി അന്ന് തന്നെ ഉയർന്നിരുന്നു. ഇപ്പോൾ സെപ്ടിക്ക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് ബാത്ത് റൂം മാലിന്യങ്ങളും കോവിഡ് മാലിന്യങ്ങളും അടക്കം പുറത്തേയ്ക്കൊഴുകുകയാണ്. അടുത്തുള്ള വ്യവസായശാലകളിലേയ്ക്കും ഈ മലിനജലം ഒഴുകിയെത്തുന്നത് കിൻഫ്രയിലെ വ്യവസായികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ദുർഗന്ധം കാരണം ഓഫീസിനുള്ളിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പരാതിപ്പെടുന്നു. കോവിഡ് രോഗികളുടെ മാലിന്യങ്ങളാണ് ഇത്തരത്തിൽ ഒഴുകിയെത്തുന്നതെന്നതും ഏറെ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.

മഴ പെയ്യുമ്പോൾ മഴവെള്ളത്തിൽ കലർന്ന് ഈ മലിനജലം വ്യവസായശാലകളുടെ ഉള്ളിലേയ്ക്കും ഒഴുകുന്നുണ്ട്. തൊട്ടടുത്ത കുളത്തിലേയ്ക്കും ഈ മലിനജലം ഒഴുകിയെത്തുന്നുണ്ട്. ഈ കുളത്തിലെ ജലം കോരയാറ്റിയിലേയ്ക്കാണ് പോകുന്നത്. അത്തരത്തിൽ കുളവും പുഴയുമടക്കമുള്ള ജലാശയങ്ങളും ഇത്തരത്തിൽ മലിനപ്പെടുകയാണ്. കോരയാർ ചെന്നുചേരുന്നത് ഭാരതപ്പുഴയിലേയ്ക്കാണ്. നിരവധി ആളുകളാണ് കുടിവെള്ളത്തിനടക്കം ഈ ജലാശയങ്ങളെ ആശ്രയിക്കുന്നത്. വെള്ളം ഒരുപാടുദിവസം ഇത്തരത്തിൽ കെട്ടിക്കിടന്നാൽ സമീപത്തെ കിണറുകൾ അടക്കം മലിനപ്പെടുമെന്നും നാട്ടുകാർക്ക് ഭയമുണ്ട്. ഇത് വലിയ കോവിഡ് വ്യാപനങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്ക ആരോഗ്യവിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.

സെപ്ടിക്ക് ടാങ്ക് നിറഞ്ഞ് കവിയുന്ന മാലിന്യങ്ങൾക്ക് പുറമെ ഉപയോഗിച്ച ഗ്ലൗസും മാസ്‌ക്കുമടക്കമുള്ളവ ഇവിടെ സംസ്‌കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത് കിൻഫ്രയ്ക്കുള്ളിലെ വ്യവസായികൾക്ക് ഭീഷണിയാകുന്നുണ്ട്. മെഡിക്കൽ മാലിന്യങ്ങൾ ശരിയായി സംസ്‌കരിക്കാൻ പോലും ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്ന് വ്യവസായികൾ പരാതിപ്പെടുന്നു. കോവിഡ് മാലിന്യസംസ്‌കരണത്തിന് കൃത്യമായ പ്രോട്ടോക്കോളുകളുണ്ട്. എന്നാൽ അതെല്ലാം സർക്കാരിന്റെ നേതൃത്വത്തിലുള്ള ചികിൽസാകേന്ദ്രം തന്നെ ലംഘിക്കുകയാണ്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പട്ടിയും മറ്റും കടിച്ച് ജനവാസമേഖലകളിലേയ്ക്കും മറ്റ് വ്യവസായശാലകൾക്ക് മുന്നിലേയ്ക്കും കൊണ്ടിടുന്നതും അവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

മാസ്‌കുകൾ അടക്കമുള്ളവ കാറ്റത്ത് പറന്നും മഴവെള്ളത്തിൽ ഒഴുകിയും വീടുകളിലേയ്ക്കും വ്യവസായശാലകളിലേയ്ക്കും എത്തുകയാണ്. ഇതിനെതിരെ പരിസരവാസികളും കിൻഫ്രയിലെ വ്യവസായികളും ആരോഗ്യവകുപ്പ് മന്ത്രിക്കും കളക്ടർക്കും ഡിഎംഒയ്ക്കും മറ്റ് ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു. എന്നാൽ അതിൽ ഇതുവരെ ആരും ഇടപെടുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുകയാണെങ്കിൽ കിൻഫ്ര വിടേണ്ടിവരുമെന്ന് വ്യവസായികൾ അറിയിച്ചു.