തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ഫേസ്‌ബുക് പ്രൊഫൈൽ ചിത്രം ശബരിമല ശാസ്താവിന്റേതാക്കി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വോട്ടെണ്ണലിന്റെ തലേ ദിവസമാണ് പ്രൊഫൈൽ ചിത്രം മാറ്റിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. ചാണ്ടി ഉമ്മന്റെ കവർ ചിത്രം ശബരിമല ക്ഷേത്രമാണ്.

കേരളത്തിൽ തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവെ ഫലം വരുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ എഫ്ബി പ്രൊഫൈൽ ചിത്രം മാറ്റിയിരിക്കുന്നത് . 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതൽ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം.