തിരുവനന്തപുരം: കെ സ്വിഫ്റ്റിന്റെ വരവോടെ ഓർമ്മയിലേക്ക് മറയാനിരുന്ന വളാങ്കണ്ണി സൂപ്പർ എക്സ്പ്രസിന് പുനർജ്ജനി.കെ സ്വിഫ്റ്റ് ഓട്ടം ആരംഭിച്ചതിന് പിന്നാലെ വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ഓട്ടം നിർത്തുമെന്ന വാർത്തകൾ പരന്നിരുന്നു.ഇതോടെ സർവ്വീസ് അവസാനിപ്പിച്ച് മടങ്ങുന്ന ഡ്രൈവർ പൊന്നുംകുട്ടൻ ബസിൽ ചേർന്ന് നിന്ന് കരയുന്ന പടവും വാർത്തയും സമുഹമാധ്യമങ്ങളിലുൾപ്പടെ വൈറലായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട ഉടനെയാണ് അധികൃതരുടെ നടപടി.

ചങ്ങനാശേരി-വേളാങ്കണ്ണി സർവീസ് സൂപ്പർ എക്സ്പ്രസായി നിലനിർത്തുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.
ചങ്ങനാശേരിയിൽ നിന്നും പളനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഈ ബസിന്റെ പാലക്കാട് മുതലുള്ള ഷെഡ്യൂളിലെ പ്രധാന ഡ്രൈവറാണ് പാലക്കാട് സ്വദേശിയായ പൊന്നുക്കുട്ടൻ. ഇന്റർസ്റ്റേറ്റ് സർവീസുകളിൽ ഏറ്റവുമധികം കളക്ഷനുള്ള വാഹനങ്ങളിലൊന്നുമാണ് ഇത്.

അന്തർ സംസ്ഥാന സർവീസുകൾ സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിനായണ് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ഈ റൂട്ടിൽ ഓടിക്കാൻ തീരുമാനിച്ചത്. ദീർഘദൂര സർവീസ് നടത്തുന്ന സൂപ്പർക്ലാസ് ബസുകൾ അഞ്ച് വർഷം കഴിഞ്ഞാൽ മാറ്റണമെന്നാണ് നിയമം. എന്നാൽ, ബസുകളുടെ കുറവ് കാരണം ഇത് ഏഴ് വർഷമായി ഉയർത്തിയിരുന്നു. എന്നിട്ടും ബസുകൾ കുറവായതോടെ 704 ബസുതകളുടെ കാലാവധി ഒമ്പത് വർഷമായി വർധിപ്പിക്കുകയായിരുന്നു.

ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവീസ്, കാലപ്പഴക്കം, സർവീസിന്റെ പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് പഴയ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് അഞ്ച് വർഷവും മൂന്ന് മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി-വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവീസ് ഡീലക്സ് ആയി ഉയർത്താൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരുന്നത്.

എന്നാൽ, ഈ ബസിലെ ഡ്രൈവർ പൊന്നുക്കൂട്ടൻ അടക്കം സർവീസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും മാതൃകാപരമായി സർവീസ് നടത്തുന്നതും ശ്രദ്ധയിൽപെടുകയും, ഇതിനാൽ തന്നെ നിരവധി സ്ഥിരം യാത്രക്കാർ ഈ സർവീസിനെ ആശ്രയിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ ബസ് സൂപ്പർ എക്സ്പ്രസ് സർവീസായി നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് കെ.എസ്.ആർ.ടി.സി. അറിയിച്ചിരിക്കുന്നത്.

കെ എസ് ആർ ടി സിയുടെ വാർത്താക്കുറിപ്പ്

കെഎസ്ആർടിസി; ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവ്വീസ് സൂപ്പർ എക്സ്‌പ്രസ് ആയി നിലനിർത്തും

തിരുവനന്തപുരം: ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്‌പ്രസ് അതേ രീതിയിൽ നിലനിർത്താൻ സിഎംഡി നിർദ്ദേശം നൽകി. അന്തർ സംസ്ഥാന സർവ്വീസ് സൂപ്പർ ഡീലക്‌സ് ആയി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് ബസ്സുപയോഗിച്ച് മാറ്റുവാനായി തീരുമാനിച്ചിരുന്നത്. ദീർഘ?ദൂര സർവ്വീസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ 5 വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് 7 വർഷമായി വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി 9 വർഷമായി ഈ അടുത്ത കാലത്താണ് വർദ്ധിപ്പിച്ചത്.

ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവ്വീസ് , കാലപഴക്കം, സർവ്വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്.ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് 5 വർഷവും 3 മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പർ എക്സ്‌പ്രസ് ബസ് സർവ്വീസ് ഡീലക്‌സ് ആയി അപ്‌ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചത്.

ഈ ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം സർവ്വീസ് പോകുന്ന ജീവനക്കാർ ബസിനെ സ്‌നേഹിക്കുന്നതായും പരിപാലിക്കുന്നതായും മാതൃകാപരമായി സർവ്വീസ് നടത്തുന്നതായും കാണുകയും ഇതിനാൽ തന്നെ ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവ്വിസിനെ ആശ്രയിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ബസ് തുടർന്നും സൂപ്പർ എക്സ്‌പ്രസ് സർവ്വീസ് ആയി നടത്തുന്നതിന് അനുമതി നൽകുവാൻ തീരുമാനിച്ചത്.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15042022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)