ലണ്ടൻ:തന്റെ സ്ഥാനലബ്ധികൊണ്ട് തന്നെ ഇപ്പോൾ ലോകമെമ്പാടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. എന്നാൽ ഇപ്പോൾ ട്വിറ്ററിൽ പങ്കുവെച്ച ഒരു വ്യത്യസ്തമായ വീഡിയോയിലൂടെയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.വീഡിയോയിലൂടെ സെലിബ്രിറ്റി ഷെഫായ സഞ്ജയ് റെയ്‌നയുടെ ബന്ധുവിനെ അഭിസംബോധന ചെയ്യുകയും 10 ഡൗണിങ് സ്ട്രീറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുകയാണ് യു.കെ പ്രധാനമന്ത്രി.ഇതിനോടകം തന്നെ വൈറലായ വിഡിയോ സഞ്ജയ് തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

ഇന്ത്യയിലുള്ള തന്റെ മാമന് സഞ്ജയ് നൽകുന്ന സർപ്രൈസായാണ് വീഡിയോയിൽ ഋഷി സുനക് പ്രത്യക്ഷപ്പെടുന്നത്. 'മാമ, നിങ്ങളോട് ഹലോ പറയാൻ എന്നോടൊപ്പം ഒരാളുണ്ടെന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്.സഞ്ജയ് തന്റെ ക്യാമറ തിരിക്കുമ്പോൾ ഋഷി സുനകിനെ കാണാം.'വിജയ് മാമ, ഇത് ഋഷിയാണ്.നിങ്ങൾ സുഖമായിരിക്കുന്നോ? നിങ്ങൾ എന്നെക്കാണാൻ ബ്രിട്ടനിലേക്ക എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ ഇവിടെയെത്തിയാൽ, അനന്തരവൻ സഞ്ജയിനോട് പറഞ്ഞ് ഡൗണിങ് സ്ട്രീറ്റിലേക്ക് വരണം.ടേക് കെയർ' -എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

 

'വിസ ഓൺ അറൈവൽ ഉറപ്പായി' എന്ന തലക്കെട്ടോടെ യു.കെ യിലെ വിസ പ്രശ്‌നവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് സഞ്ജയ് റെയ്‌ന തന്റെ ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും വിമർശനങ്ങളുമാണ് വീഡിയോക്ക് താഴെ കമന്റുകളായി നിറയുന്നത്.ആരാണ് വിജയ് മാമൻ എന്നും ,വിജയ് മല്യയാണോ ഉദ്ദേശിച്ചതെന്നും തുടങ്ങിയ സംശയങ്ങളും കമന്റുകളിൽ നിറയുന്നു.