കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പർക്കബാധിതരെ കണ്ടെത്തുന്നതിനും രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിയുന്നതിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഫീൽഡ് സർവൈലൻസും ഫീവർ സർവൈലൻസും ആരംഭിച്ചുവെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്തൽ വൻ ഭീഷണി. വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയാണ് ഇതിന് കാരണം. ഉത്തരവുകളൊന്നും സർക്കാർ ഇറക്കാത്തതാണഅ ഇതിന് കാരണം.

കൃത്യമായ ഉത്തരവില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നു മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും നിലപാട് എടുത്തതാണ് ഇതിന് കാരണം. കൃത്യമായ ഉത്തരവിറക്കാതെ ഇനി വിശദമായ സാംപിൾ ശേഖരണം നടത്തില്ലെന്ന് ഇവർ വ്യക്തമാക്കി. വിവിധ ഇടങ്ങളിൽ നിന്നായി ഇതുവരെ ശേഖരിച്ച സാംപിളുകൾ എന്തു ചെയ്യണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിപ്പ ജാഗ്രതയ്ക്കായി ആരോഗ്യവകുപ്പ് നിയോഗിച്ച പ്രത്യേക കമ്മിറ്റി മൃഗസംരക്ഷണ, വനം വകുപ്പുകളുമായി കൂടിയാലോചന നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് പ്രത്യേക ഉത്തരവ് വേണമെന്ന് അവർ അറിയിച്ചത്.

ചാത്തമംഗലത്ത് നിപ്പ ബാധയേറ്റു മരിച്ച 12 വയസ്സുകാരനിൽ എങ്ങനെയാണ് വൈറസ് എത്തിയത് എന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതോടെ വഴിമുട്ടി. ആടുകളിൽ നിന്നു സാംപിൾ ശേഖരിക്കാനാണ് ഇപ്പോൾ മൃഗസംരക്ഷണ വകുപ്പിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. വീടിനു സമീപത്തെ ആടിന് അസുഖം വന്നപ്പോൾ കുട്ടി ആടിന്റെ വായിൽ കയ്യിട്ട് മരുന്നു നൽകിയിരുന്നു എന്നാണ് സൂചന. ഈ വിവരം കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ആരോഗ്യവകുപ്പിനെ അറിയിച്ചത്. തുടർന്നാണു കുട്ടിയുടെ വീടിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആടുകളുടെയും സ്രവം ശേഖരിക്കാൻ മൃഗസംരക്ഷണ വകുപ്പിനു നിർദ്ദേശം നൽകിയത്.

ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. അസുഖം വന്നു എന്നു പറയുന്ന ആടിന്റെ ഉടമയെ കണ്ടെത്തുകയും ഇങ്ങനെ സംഭവമുണ്ടായിട്ടില്ലെന്നു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആടുകളെ മാത്രം കേന്ദ്രീകരിച്ചുള്ള സാംപിൾ ശേഖരണമാണ് ഇന്നലെ നടത്തിയത്. ആടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ റംപൂട്ടാൻ, അടയ്ക്ക, വവ്വാൽ വിസർജ്യങ്ങൾ, കാട്ടുപന്നിയുടെ സ്രവം എന്നിവ അടക്കം പരമാവധി സാംപിൾ ശേഖരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

വവ്വാലുകൾ റംപൂട്ടാനേക്കാൾ ഏറെ പഴുത്ത അടയ്ക്കയുടെ നീര് ഊറ്റിക്കുടിക്കാനുള്ള സാധ്യതയുണ്ട്. കുട്ടിയുടെ വീടിനു ചുറ്റും ധാരാളം കവുങ്ങുകളുണ്ട്. ആരോഗ്യവകുപ്പിൽനിന്നു നിർദ്ദേശമൊന്നും ലഭിക്കാതിരുന്നിട്ടും സ്വമേധയാ മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം പഴങ്ങളുടെ സാംപിൾ ശേഖരിച്ചിരുന്നു. പന്നികളിൽ നിന്നു മനുഷ്യരിലേക്ക് നിപ്പ വൈറസ് എത്തിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിനോടു ചേർന്ന പ്രദേശത്തും കാട്ടുപന്നി ശല്യമുണ്ട്. അതിനാൽ കാട്ടുപന്നിയുടെ സ്രവ സാംപിളും ശേഖരിക്കണം.

എന്നാൽ വന്യമൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കാട്ടുപന്നിയെ പിടികൂടാനും സാംപിൾ പരിശോധിക്കാനും വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. പന്നിയെ മയക്കാൻ ഉപയോഗിക്കുന്നത് ഉയർന്ന ഡോസ് മരുന്നാണ്.അതുകൊണ്ട് തന്നെ ഉത്തരവില്ലാതെ പന്നിയെ പിടിക്കാനിറങ്ങിയതിനു നടപടിയുണ്ടാകുമോ എന്ന ആശങ്ക വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമുണ്ട്. പരമാവധി സാംപിളുകൾ ശേഖരിച്ചു വിവിധ പരിശോധന ലാബുകളിലേക്ക് അയച്ചാലേ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനാകൂ. എന്നാൽ ഇതുവരെ ശേഖരിച്ച സാംപിളുകൾ പോലും എന്തു ചെയ്യണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

നിപ്പയിൽ നിരീക്ഷണം മാത്രമാണ് നടക്കുന്നത്. നിപ്പ സ്ഥിരീകരിച്ചതിനു മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്നവരെയാണ് നിരീക്ഷിക്കുന്നത്. ഇതിനു പുറമേ വീടുകൾ കയറിയുള്ള സർവേയും ആരംഭിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളിൽ രണ്ട് വോളണ്ടിയർമാർ എന്ന നിലയിലാണ് ഹൗസ് സർവെയ്ലൻസ് ആരംഭിച്ചത്. ജില്ലയിൽ രണ്ടാമതും രോഗബാധ വന്ന സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധന നടത്തുമെന്നും ആരോ ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

വൈറസ് ആശങ്കയുടെ പശ്ചാത്തലത്തിൽ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് കൂടുതൽ അപകടം ചെയ്യും. ഇവയുടെ ആവാസ വ്യവസ്ഥയ്ക്കു നേരേയുള്ള ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

നിപ്പ ബാധിച്ച് 12 വയസുകാരൻ മരിച്ചതിനുപിന്നാലെ വവ്വാലുകളിലെ വൈറസ് സാന്നിധ്യം പരിശോധിക്കുന്നതിനും രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുമായി പൂനയിലെ ഐസിഎംആറിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും ഭോപ്പാൽ നാഷണൽ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലെ(ഐസിഎആർ) വിദഗ്ധ സംഘവും ഇന്നെത്തും.

2018 ൽ നിപ്പ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ എൻഐവി നടത്തിയ പരിശോധനയിൽ വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, മനുഷ്യരിലേക്ക് ഇതെങ്ങനെ പടർന്നുവെന്നത് ഇപ്പോഴും അവ്യക്തമാണ്.